പെമ്പിളൈ ഒരുമൈ നിരാഹാര സമരം അവസാനിപ്പിച്ചു; സത്യഗ്രഹം തുടരും
തൊടുപുഴ: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നടത്തുന്ന നിരാഹാര സമരം
പെമ്പിളൈ ഒരുമൈ നേതാക്കള്‍ അവസാനിപ്പിച്ചു. എന്നാല്‍ സത്യഗ്രഹസമരം തുടരും.
നിരാഹാര സമരത്തിനിടെപൊലിസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയ പെമ്പിളൈ ഒരുമൈ നേതാക്കള്‍ ചികിത്സ നിഷേധിച്ച് സമരമുഖത്തേക്കു മടങ്ങിയിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനും സംഘവും ചികിത്സ വേണ്ടെന്ന് എഴുതിവച്ച ശേഷം ബസില്‍ കയറി സമരപ്പന്തലിലേക്കു തിരിച്ചുപോരുകയാണുണ്ടായത്.
സമരം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ ആരോഗ്യം തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു നീക്കിയത്. സമരക്കാരുടെയും ഇവര്‍ക്കു പിന്തുണയുമായി സമരമുഖത്തുള്ള ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗോമതി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കിയത്.
നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ വലിച്ചിഴച്ചാണ് സമരക്കാരെ ആംബുലന്‍സില്‍ കയറ്റിയത്. ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ ഗോമതി ആംബുലന്‍സില്‍ നിന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് കൊണ്ടുവന്ന ആംബുലന്‍സ് അടിമാലി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് സമരക്കാരെ താലൂക്കാശുപത്രിയില്‍ എത്തിക്കാനായത്. ആശുപത്രിയില്‍ ഡ്രിപ്പ് നല്‍കാനുള്ള ശ്രമത്തെ ഇവര്‍ തടയുകയും ചെയ്തു. മൂന്നാറിലേക്കു തിരികെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരോപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."