നെല്‍വയലില്‍ കെട്ടിടനിര്‍മാണത്തിന് ശ്രമം
ഷൊര്‍ണൂര്‍: മുണ്ടായ പാടശേഖരത്തിന് നടുവില്‍ കഴിഞ്ഞ മാസം കൊയ്തൊഴിഞ്ഞ പാടത്ത് ജെ.സി.ബി ഉപയോഗിച്ച് അടിത്തറക്ക് മണ്ണ് മാന്തി കെട്ടിട നിര്‍മാണത്തിന് ശ്രമം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി പാടത്തിറങ്ങി അടിത്തറ കെട്ടാന്‍ മണ്ണ് മാന്തി തുടങ്ങിയത്.
ലോഡ് കണക്കിന് കരിങ്കല്ലും ഇതിനിടെ വന്നു തുടങ്ങി. മുണ്ടായ ഇറിഗേഷന്‍ കനാല്‍ മറികടന്നാണ് ജെ.സി.ബി കൃഷിയിടത്തില്‍ കടന്നതെന്ന് പാടശേഖര സമിതിയംഗങ്ങള്‍ പറഞ്ഞു. ഇതിനിടെ സ്ഥലമുടമയും ചിലരുമായും വാക്കേറ്റമുണ്ടാകുകയും ചെയ്തു. ബന്ധപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് കൃഷിയിടത്തില്‍ കെട്ടിട നിര്‍മാണം നടത്തുന്നതെന്ന് പാടശേഖര സമിതിയംഗങ്ങള്‍ പറഞ്ഞു.
നെല്പാടം പരിവര്‍ത്തനം നടത്തരുതെന്ന കര്‍ശന നിയമം നിലനില്‍ക്കെയാണ് ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്താല്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത്.
ഷൊര്‍ണൂരില്‍ തന്നെ മഞ്ഞക്കാട് ഭാഗത്ത് നെല്‍വയല്‍ നികത്തല്‍ വ്യാപകമാണ്. വയല്‍ നികത്തിയ ഭാഗത്ത് ഫ്ളാറ്റുകളും വില്ലകളും ഇവിടെ ഉയരുന്നുണ്ട്. കൃഷി നിലം പരിവര്‍ത്തനം ചെയ്യുന്നതിനായി തരിശിട്ട് കുറ്റിക്കാടുകള്‍ വളര്‍ത്തി തെങ്ങും, വാഴകളും നട്ട് വയല്‍ പരിവര്‍ത്തനം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും വ്യാപകമാണ്. തോടുകളും, വെള്ളച്ചാലുകളും നികത്തിയാണ് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."