കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം; 7,316 ഹെക്ടര്‍ പാടശേഖരം വെള്ളത്തില്‍
കുട്ടനാട്: കുട്ടനാട്ടില്‍ 7,316 ഹെക്ടര്‍ പാടശേഖരം വെള്ളപ്പൊക്കം മൂലം നാശത്തില്‍. 128 പാടശേഖരങ്ങളെ ഇതു ബാധിച്ചു. ബണ്ട് തകര്‍ന്നതുമൂലം 992 ഹെക്ടര്‍ പാടശേഖരം നശിച്ചിട്ടുണ്ട്.
അതേസമയം, കുട്ടനാട്ടിലെ മഴക്കെടുതിക്കും മടവീഴ്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരം കാണണമെങ്കില്‍ കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം അനിവാര്യമാണെന്നും ഇതിനായി 19നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം പ്രധാനമന്ത്രിയെ കാണുമ്പോള്‍ പ്രശ്‌നം കേന്ദ്രത്തിനു മുന്‍പില്‍ അവതരിപ്പിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. രണ്ടാം കുട്ടനാട് പാക്കേജിനുള്ള പദ്ധതിരേഖ തയാറാക്കിനല്‍കിയിട്ടുണ്ടെന്നും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ കനത്ത മഴയില്‍ വെള്ളം പൊങ്ങി മടവീണു കൃഷിനാശം സംഭവിച്ച പാടശേഖരങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ജില്ലാ കലക്ടര്‍ എസ്. സുഹാസും മന്ത്രിയെ അനുഗമിച്ചു.
ആറുപങ്ക്, ചെറുകാലി കായല്‍, കുപ്പപ്പുറം, കനകാശ്ശേരി, പരുത്തി വളവ്, ചമ്പക്കുളം പടച്ചാല്‍, വലിയ തുരുത്ത് എന്നിവിടങ്ങളാണു മന്ത്രി നേരിട്ടെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്. തകര്‍ന്ന ബണ്ടുകള്‍ പുനഃസ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുക്കും. കൃഷിവകുപ്പ് നേരിട്ട് ബണ്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പുനര്‍നിര്‍മിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നു മന്ത്രി പറഞ്ഞു. കൃഷിനാശത്തെക്കാള്‍ നൂറുകണക്കിനു കുടുംബങ്ങളാണു വെള്ളക്കെട്ടില്‍പ്പെട്ടിരിക്കുന്നത്. 20 തകര്‍ന്ന ബണ്ടുകളുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്നു തുക ലഭ്യമാക്കും. കുട്ടനാട് പാക്കേജിലെ ഒന്നാംഘട്ടത്തിലുണ്ടായ ഗുരുതരമായ വീഴ്ചകളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പ്രകൃതിക്ഷോഭ ഫണ്ടില്‍നിന്ന് ഹെക്ടറിന് 13,800 രൂപ വീതം ഉടന്‍ നഷ്ടപരിഹാരം നല്‍കും. ഇവയ്ക്കുപുറമേ ഇന്‍ഷുറന്‍സ് എടുത്ത കര്‍ഷകര്‍ക്ക് 35,000 രൂപ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിത്തുവിതച്ചു വളരെക്കുറച്ചു ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്ത സ്ഥിതിയുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പ്രത്യേക ഉത്തരവിലൂടെ സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുമോ എന്ന കാര്യവും പരിഗണിക്കും. പുനര്‍കൃഷിക്കുള്ള വിത്ത് സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കൃഷി വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ ബീന നടേശ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം.എസ് അജിത, എം.എല്‍ ലക്ഷ്മി, മുന്‍ എം.പി പി.ജെ ആഞ്ചലോസ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."