തൊടുപുഴയെ മാതൃകാ നഗരസഭയാക്കും: ചെയര്‍പേഴ്‌സണ്‍
തൊടുപുഴ: നഗരസഭയെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ നഗരസഭയാക്കി മാറ്റുന്നതിനുളള നടപടികള്‍ അതിവേഗം മുന്നേറുകയാണെന്ന് ചെയര്‍പേഴ്‌സണ്‍ മിനി മധു പറഞ്ഞു.
എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കി നഗരസഭ ഓഫീസിനെ ജനപക്ഷ-ജനസൗഹൃദ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ നല്‍കിയ സ്വീകരണത്തില്‍ നന്ദി പറയവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ജനങ്ങള്‍ക്കാവിശ്യമായ ഒട്ടുമിക്ക അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ട്. അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകുന്നതിന് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ കണക്ഷന്‍ എടുത്തു. പ്രിന്റര്‍ സൗകര്യത്തോടുകൂടിയ ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് സ്ഥാപിച്ചു.
ഇതുവഴി പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കാന്‍ സാധിക്കും. നഗരസഭയുമായി ബന്ധപ്പെട്ട ജന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈനായി നികുതി അടയ്ക്കല്‍, അപേക്ഷകളുടെയും ഫയലുകളുടേയും നിജസ്ഥിതി മനസ്സിലാക്കല്‍ തുടങ്ങിയവ ഇപ്പോള്‍ ലഭ്യമാണ്. ജീവനക്കാരുടെ ഹാജര്‍ സംവിധാനം ആധുനികവത്ക്കരിക്കുന്നതിന് പഞ്ചിംഗ് സംവിധാനം ഉടന്‍ നടപ്പിലാക്കും. പൊതുജനങ്ങള്‍ക്ക് അഴിമതി രഹിതവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നേരിട്ടുളള ഇടപെടലുകളും നിരീക്ഷണങ്ങളും ഉണ്ടാകുമെന്നും മിനി മധു പറഞ്ഞു.
സേവനങ്ങളുടെ ലഭ്യതയ്ക്ക് ഇടനിലക്കാരുടെ ഇടപാടുകള്‍ കര്‍ശനമായി നിയന്ത്രിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കെ.എം.സി.എസ്.യു യൂനിറ്റ് പ്രസിഡന്റ് എന്‍.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ച യോഗം മുന്‍ ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. ഹരി മുഖ്യപ്രഭാഷണം നടത്തി. കെ.എംസി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം സി.ബി ഹരികൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് വി.എസ്.എം നസീര്‍, യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."