ശബ്ദവിസ്മയം തീര്‍ത്ത് രാഹുലിനൊപ്പം റാഷിദ് ഗസ്സാലിയും
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിക്കൊപ്പം ശബ്ദവിസ്മയം തീര്‍ത്ത് റാഷിദ് ഗസ്സാലി കൂളിവയലും. ഇന്നലെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടന്ന യു.ഡി.എഫ് പൊതുയോഗത്തിലാണ് സദസിന്റെ കൈയടി വാങ്ങിയ പ്രകടനവുമായി റാഷിദ് ഗസ്സാലി വാചകക്കസര്‍ത്തില്‍ തിളങ്ങിയത്.
രാഹുലിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്ത റാഷിദ് ഗസ്സാലി രാഹുലിന്റെ ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ വരെ അതേ രീതിയില്‍ മലയാളീകരിച്ച് സദസിനു കൈമാറി. രാഹുലിന്റെ പ്രസംഗത്തിലെ കാമ്പ് അപ്പാടെ സദസിനു നല്‍കുന്ന തരത്തിലായിരുന്നു റാഷിദ് ഗസ്സാലിയുടെ പരിഭാഷ. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന പ്രഭാഷകന്‍, കൗണ്‍സിലര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അങ്ങനെ നിരവധി വിശേഷണങ്ങള്‍ കൂടെയുള്ളയാളാണ് റാഷിദ് ഗസ്സാലി.
കൂളിവയലില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍, നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് താളൂരിന്റെ സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയനാണ് റാഷിദ് ഗസ്സാലിയെന്ന യുവ പണ്ഡിതന്‍. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി) ക്ഷണപ്രകാരം ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. നിലവില്‍ ലോകത്തെ 300ഓളം പ്രമുഖ ഭരണകര്‍ത്താക്കള്‍ പങ്കെടുത്ത ഐ.വി.എല്‍.പിയിലാണ് റാഷിദ് ഗസ്സാലി പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് വിവിധ വര്‍ഷങ്ങളില്‍ ഇന്ദിരാ ഗാന്ധി, കെ.ആര്‍ നാരായണന്‍, പ്രതിഭാ പാട്ടീല്‍, മൊറാര്‍ജി ദേശായ്, എ.ബി വാജ്‌പേയ് തുടങ്ങിയവരാണ് ഐ.വി.എല്‍.പിയില്‍ പങ്കെടുത്തതെന്ന് അറിയുമ്പോഴാണ് ഈ യുവ പ്രഭാഷകന്റെ മികവ് മനസിലാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."