നോട്ടുനിരോധനം കുംഭകോണം
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക അസ്ഥിരതയിലേക്ക് നയിച്ച നോട്ടുനിരോധന കുംഭകോണത്തിന്റെ കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ്. നോട്ടുനിരോധന കുംഭകോണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് നരേന്ദ്രമോദിക്കെതിരേ ശക്തമായ ആക്രമണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെയും മുംബൈയിലെയും ബി.ജെ.പി ഓഫിസുകളും ബി.ജെ.പി നേതാക്കളെയും കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ മാറിനല്‍കിയതുമായി ബന്ധപ്പെട്ട ഒളികാമറ ദൃശ്യങ്ങളാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പുറത്തുവിട്ടത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുന്‍പ് വിദേശത്തുനിന്ന് മൂന്ന് സീരിസില്‍ ഒരു ലക്ഷം കോടി വീതം വ്യാജ കറന്‍സികള്‍ അച്ചടിച്ച് ഇന്ത്യയിലെത്തിക്കുകയും വ്യവസായികള്‍ക്കും മറ്റ് ഉന്നതര്‍ക്കും മാറ്റിനല്‍കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായുള്ളതാണ് ഈ ദൃശ്യങ്ങളും. അഹമ്മദാബാദിലെ ബി.ജെ.പി ആസ്ഥാനമായ ശ്രീകമലത്തിലും മുംബൈയിലെ കൃഷിമന്ത്രാലയത്തിലുമായി നടക്കുന്ന ഇടപാടുകളാണ് ദൃശ്യങ്ങളിലുള്ളത്.
ശ്രീകമലത്തില്‍ സ്‌ട്രോങ്‌റൂമില്‍ കോടികളുടെ പുതിയ 2000 നോട്ടുകള്‍ അടുക്കിവച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടപാടുകാരനെന്ന വ്യാജേനയെത്തുന്ന മാധ്യമപ്രവര്‍ത്തകനോട് പണം കൊണ്ടുപോകാന്‍ പൊലിസിനെ പേടിക്കേണ്ടതില്ലെന്നും അമിത്ഷായാണ് നമുക്കൊപ്പമുള്ളതെന്നും പറയുന്നുണ്ട്. മുംബൈയിലെ വിഡിയോയില്‍ ബി.ജെ.പി നേതാവ് അനില്‍ രാജ്‌ഗോര്‍, ജില്ലാ പൊലിസ് മേധാവി വഡേക്കര്‍ തുടങ്ങിയവരാണ് ദൃശ്യങ്ങളിലുള്ളത്.
2017 മാര്‍ച്ചിലാണ് ഒളികാമറ ഓപറേഷന്‍ നടത്തിയിരിക്കുന്നത്. ബി.ജെ.പി നേതാവ് അനില്‍ രാജ്‌ഗോറിനെ മാധ്യമപ്രവര്‍ത്തകന് പരിചയപ്പെടുത്തുന്നത് വഡേക്കറാണ്. മറ്റൊരു വിഡിയോയില്‍ വഡേക്കര്‍ക്കൊപ്പം സച്ചിന്‍, ജാദവാന്ത്, ബാങ്ക് ഓഫ് ഇന്ത്യയുടെ റിട്ട. ചീഫ് മാനേജര്‍ റുസ്തം ദാരുവാല എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ എങ്ങനെയാണ് പണം മാറ്റിയെടുക്കുന്നതെന്ന് വിശദീകരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് മോദിയുടെ കാലത്ത് നോട്ടുനിരോധനത്തിലൂടെ നടന്നതെന്ന് വിഡിയോ പുറത്തുവിട്ട വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേരത്തെ പുറത്തുവിട്ട വിഡിയോയില്‍ കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുല്‍ രത്‌രേക്കര്‍ വ്യോമസേനയുടെ വിമാനത്തില്‍ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് പണം എത്തിച്ചതെന്നും വ്യക്തമാക്കിയിരുന്നു. അമിത് ഷായാണ് ഈ ഇടപാട് നടത്തുന്നതെന്നും രഹസ്യകാമറ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ പറയുന്നുണ്ട്. അതോടൊപ്പം മഹാരാഷ്ട്രാ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ പെട്ടികളിലാക്കി കോടികള്‍ സൂക്ഷിച്ചതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. അമിത് ഷായാണ് ഇത് നിയന്ത്രിക്കുന്നതെന്ന് ഇന്നലെ പുറത്തുവിട്ട വിഡിയോയിലും വ്യക്തമാണ്.
മോദി പറയുന്നത് തന്റെ കാലത്ത് കുംഭകോണങ്ങളൊന്നും നടന്നിട്ടില്ല എന്നാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ നോട്ടുനിരോധനമെന്ന കുംഭകോണം നടന്നത് നരേന്ദ്രമോദിയുടെ കാലത്താണെന്ന് വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ പറഞ്ഞു. വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുല്‍ രത്‌രേക്കര്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലുള്ള ജീനവക്കാരന്‍ മാത്രമാണെന്നും അനധികൃതമായി നോട്ടുമാറ്റിക്കൊടുത്ത കാരണത്താല്‍ 2017 ജൂണില്‍ പിരിച്ചുവിട്ടുവെന്നുമാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് അയാളെ അറസ്റ്റ് ചെയ്തില്ലെന്നും കപില്‍ സിബല്‍ ചോദിച്ചു.
രത്‌രേക്കര്‍ നോട്ടിടപാട് നടത്തിയെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ ഈ വിഡിയോയില്‍ കണ്ടതെല്ലാം ശരിയാണെന്ന് സമ്മതിക്കുകയാണ്. എന്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ല. അപ്പോള്‍ തന്നെ അന്വേഷണം നടത്തിയിട്ടുമില്ല. ബി.ജെ.പി ആസ്ഥാനത്ത് നോട്ടുകെട്ടുകള്‍ കൈകാര്യം ചെയ്യുന്നയാള്‍ക്ക് ബി.ജെ.പിയുമായുള്ള ബന്ധമെന്താണെന്നും കപില്‍ സിബല്‍ ചോദിക്കുന്നു.
നോട്ട് നിരോധന ശേഷം 50 ലക്ഷം
പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധന ശേഷം 50 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാതായതായി റിപ്പോര്‍ട്ട്. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ഇതുമൂലം 2011നും 2018നും ഇടയില്‍ ആകെയുള്ള തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായെന്നും ആറുശതമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍ പിരമിഡ് സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഒരുവശത്ത് യുവാക്കള്‍ ബിരുദം നേടുന്നുണ്ട്. എന്നാല്‍ മറുവശത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണ്. നോട്ടുനിരോധനത്തോടൊപ്പം ജി.എസ്.ടി സ്വകാര്യമേഖലയിലുണ്ടാക്കിയ തളര്‍ച്ചയും തൊഴിലവസരങ്ങള്‍ ഇല്ലാതാകാന്‍ കാരണമാണ്. 20നും 24നും ഇടയില്‍ പ്രായമുള്ള വിദ്യാസമ്പന്നരായ യുവാക്കളെയാണ് തൊഴിലവസരങ്ങള്‍ ഇല്ലാതായത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."