സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ
റിയാദ്: മേഖലയിലെ യുദ്ധസാഹചര്യം അവസാനിപ്പിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും ശക്തമായ ശ്രമങ്ങൾ തുടർന്ന് സഊദി അറേബ്യ. യു.എസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പാകിസ്ഥാൻ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സഊദി അറേബ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും ആവർത്തിച്ചു വ്യക്തമാക്കി സഊദി ഉന്നത വൃത്തങ്ങൾ രംഗത്തെത്തി. യു.എസും ഇറാനും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപണങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സഊ ദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന വ്യക്തമാക്കിയ പബ്ലിക് ഡിപ്ലോമസി കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി റാഇദ് ഖർമലി, എന്നാൽ, ചില കക്ഷികൾ സഊദിയുടെ നിലപാടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
മൂന്ന് യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. എന്നാൽ, അമേരിക്കയാണ് ആദ്യം കരാർ ലംഘിച്ചതെന്നാണ് ഇറാന്റെ വാദം. ഹോർമുസ് കടലിടുക്കിലെ വിവിധ ദ്വീപുകളിലും സിവിലിയൻ മേഖലകളിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായും ഇറാന്റെ എണ്ണ ടാങ്കറുകൾ ലക്ഷ്യം വെച്ചതായും ഇറാൻ സൈന്യം ആരോപിച്ചു.
ഇതിനിടെ, യു എ ഇ ക്കെതിരെ ഇറാൻ മിസൈൽ, ഡ്രോൺ നടപടികൾ വീണ്ടും തുടങ്ങിയതും ഗൾഫ് മേഖലയിൽ വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇറാനിൽ നിന്ന് യു.എ.ഇയെ ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്നും ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."