ജില്ലയില്‍ പുഴ വ്യാപകമായി കൈയേറുന്നുവെന്ന് സംരക്ഷണ സമിതി
കോഴിക്കോട്: ജില്ലയിലെ പുഴ കൈയേറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി ആവശ്യപ്പെട്ടു. ജില്ലയില്‍ കല്ലായിപ്പുഴ, പൂനൂര്‍ പുഴ, ഇരവഴിഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ ഇരുതുള്ളിപ്പുഴ എന്നിവിടങ്ങളിലെല്ലാം കൈയേറ്റം വ്യാപകമാണ്. കല്ലായിപ്പുഴയില്‍ നൂറോളം ഏക്കര്‍ പുറമ്പോക്കാണ് കൈയേറിയത്. പൂനൂര്‍ പുഴയില്‍ കൊടുവള്ളി നഗരസഭാ പ്രദേശത്ത് മാത്രം 265 ഏക്കറോളം കൈയേറി.
ഇരുവഴിഞ്ഞിയില്‍ കോടഞ്ചേരി നെല്ലിപ്പൊയില്‍ ഭാഗത്ത് ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പുഴ കൈയേറിയതോടെ വീതി 30 മീറ്ററില്‍ നിന്ന് മൂന്നു മീറ്ററായി ചുരുങ്ങി.
ഇരുതുള്ളിപ്പുഴയില്‍ റവന്യു വകുപ്പ് നല്‍കിയ ആറു സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പുഴ കൈയേറ്റം തുടരുകയാണ്. 50 മീറ്ററോളം നീളത്തില്‍ മൂന്നു മീറ്റര്‍ വീതിയില്‍ 10 മീറ്റര്‍ ഉയരത്തിലാണ് കൈയേറിയത്. മെയ് 15ന് സര്‍വേ നടത്തി പുഴയോരത്തെ മണ്ണുനീക്കിയ ശേഷമേ തുടര്‍ പ്രവൃത്തി തുടരാവു എന്ന റവന്യു വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇവിടെ വെള്ളിയാഴ്ച രാത്രി ലോഡുകണക്കിന് മണ്ണ് തട്ടിയിരിക്കുന്നത്. കര്‍ശന നടപടികള്‍ ഇല്ലാത്തതിനാലാണ് പുഴ കൈയേറ്റം വ്യാപകമാവുന്നതെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. കൈയേറ്റക്കാര്‍ക്കെതിരേ ലാന്‍ഡ് ആക്ട് പ്രകാരം കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."