ജെറ്റ് എയര്‍വേസ് സര്‍വിസ് പൂര്‍ണമായും നിര്‍ത്തി
സ്വകാര്യ വിമാനക്കമ്പനികളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് വിജയ് മല്യ
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് അതിന്റെ എല്ലാ സര്‍വിസുകളും ഇന്നലെ രാത്രി മുതല്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച ജെറ്റിന്റെ സര്‍വിസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം അഞ്ചായി കുറച്ചതിനു പിന്നാലെയാണ് സര്‍വിസ് പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്. 124 വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായിരുന്നു ജെറ്റ് എയര്‍വേസ്. നിലവില്‍ 8,200 കോടിയിലധികം ജെറ്റ് എയര്‍വേസിന് ബാങ്ക് കടമുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ 400 കോടിയുടെ അടിയന്തര സഹായം വേണമെന്ന ആവശ്യം ബാങ്കുകള്‍ നിരസിച്ചതിനു പിന്നാലെയാണ് സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 1993ലാണ് ജെറ്റ് സര്‍വിസ് ആരംഭിച്ചത്.
നേരത്തെ എസ്.ബി.ഐ തങ്ങളുടെ വായ്പ, ഓഹരിയാക്കി മാറ്റുകയും കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ജെറ്റ് സ്ഥാപകന്‍ നരേഷ് ഗോയല്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിയുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ ബാങ്ക് തയാറായിരുന്നില്ല. ജെറ്റില്‍ 24 ശതമാനം ഓഹരി ഇത്തിഹാദ് എയര്‍വേസിനാണുള്ളത്. അവരും കൂടുതല്‍ പണം നല്‍കിയില്ല. തങ്ങളുടെ ഓഹരി വില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഖത്തര്‍ എയര്‍വേസുമായി ജെറ്റ് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബാങ്ക് കടത്തിന് പുറമെ മറ്റു ഇനത്തിലുള്ള കടങ്ങള്‍ 15,000 കോടിയിലധികം വരും. എന്‍ജിനീയര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തതിനാല്‍ അറ്റകുറ്റപ്പണി നടക്കാത്തതുകൊണ്ട് നിരവധി വിമാനങ്ങള്‍ പറക്കാനാകാത്ത നിലയിലാണ്. 50ഓളം വിമാനങ്ങള്‍ വാടക നല്‍കാത്തതിനാല്‍ അതിന്റെ കമ്പനികള്‍ തിരിച്ചെടുക്കുകയും ചെയ്തു.
ശമ്പള കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് 1,100 പൈലറ്റുമാര്‍ പണിമുടക്കുകയും ചെയ്തു. ഇതോടെ അഞ്ചായി കുറഞ്ഞ സര്‍വിസ് ഇന്നലത്തോടെ പൂര്‍ണമായും നിശ്ചലമായി. താല്‍ക്കാലികമായാണ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടായിട്ടില്ല. അതിനിടെ സ്വകാര്യ വിമാനക്കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതെന്ന ആരോപണവുമായി വിവാദ വ്യവസായി വിജയ് മല്യ രംഗത്തെത്തി. രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളോട് സര്‍ക്കാര്‍ പക്ഷഭേദം കാണിക്കുകയാണെന്നും വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കഴിയുന്ന മല്യ ആരോപിച്ചു.
ജെറ്റ് എയര്‍വേസ് പോലെ ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനക്കമ്പനികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നരേഷ് ഗോയലും ഭാര്യ നീതാ ഗോയലും പടുത്തുയര്‍ത്തിയ വിമാനക്കമ്പനി എന്തുകൊണ്ടും രാജ്യത്തിന് അഭിമാനിക്കാവുന്നതാണ്. എന്നിട്ടും ജെറ്റ് എയര്‍വേസ് പോലുള്ള കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യാ വിമാനം 50,000 കോടി നഷ്ടത്തിലാണ്. 35,000 കോടി പൊതുഫണ്ടില്‍നിന്ന് സമാഹരിച്ചാണ് ഈ കമ്പനി നിലനിര്‍ത്തുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും നല്ല വിമാനക്കമ്പനിയെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും മല്യ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."