മദ്‌റസ അധ്യാപകന്റെ കൊലപാതകം: എം. അശോകനും സി. ഷുക്കൂറും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരാകും
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്‌റസ അധ്യാപകനെ പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വാദത്തിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി അഭിഭാഷകരായ എം. അശോകനെയും സി. ഷുക്കൂറിനെയും നിയമിക്കും.
ഏതാനും ദിവസങ്ങള്‍ക്കകം ഇരുവരെയും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കും. കോഴിക്കോട് സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ.എം. അശോകനെ സീനിയര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടരായും മുന്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനുമായ അഡ്വ.സി ഷുക്കൂറിനെ ജൂനിയര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുമായാണു നിയമിക്കുക. ഇതു സംബന്ധിച്ച് വിവിധ സംഘടനകളുന്നയിച്ച ആവശ്യം കൂടി കണക്കിലെടുത്താണ് തീരുമാനം.
ഇരുവരെയും നിയമിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിവിധ സംഘടനകള്‍ക്ക് കഴിഞ്ഞ ദിവസം ഉറപ്പു നല്‍കി.
കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദീനുമായ കര്‍ണാടക മടിക്കേരി കൊട്ടുമുടി ആസാദ് നഗറിലെ തെക്കിപ്പള്ളി വീട്ടില്‍ കെ.എസ് മുഹമ്മദ് റിയാസ് കൊലപ്പെട്ടത്.
അഡ്വ. എം. അശോകന്‍ നേരത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു വേണ്ടിയും പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്കു വേണ്ടിയും കോടതിയില്‍ ഹാജരായിട്ടുണ്ട്. അഡ്വ. സി. ഷുക്കൂര്‍ അഭിഭാഷകനെന്നതിനു പുറമെ പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്.
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനും വീഡിയോ പ്രചരിപ്പിച്ചതിനും ഹിന്ദു ഐക്യവേദി നേതാവ് ശശികലയടക്കം രണ്ടുപേര്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചയാളാണ് അഡ്വ.സി. ഷുക്കൂര്‍.
രണ്ട് അഭിഭാഷകരും കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
എന്നാല്‍ കേസ് വേഗം തീര്‍പ്പാക്കുന്നതിനു പ്രത്യേക കോടതി വേണമെന്ന ആവശ്യം പരിഗണിക്കപ്പെടാന്‍ ഇടയില്ല. ജഡ്ജിമാരെ കിട്ടാനില്ലാത്തിനാല്‍ പ്രത്യേക കോടതി സംവിധാനം നടപ്പാവില്ലെങ്കിലും കേസ് വേഗത്തില്‍ വിചാരണ നടത്തുന്നതിനാവശ്യമായ നടപടികളുണ്ടാവുമെന്ന ഉറപ്പു മുഖ്യമന്ത്രിയില്‍ നിന്നു സമര രംഗത്തുള്ളവര്‍ക്കു ലഭിച്ചിട്ടുണ്ട്.
അതേസമയം, മദ്‌റസ അധ്യാപകന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ള വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്ന പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കാനിടയുണ്ട്.
റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ എത്രയും പെട്ടെന്നു കുറ്റപത്രം നല്‍കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."