ആയിരങ്ങളില്‍ ആവേശമായി രാഹുല്‍ ഗാന്ധി
മുക്കം: കത്തുന്ന വെയിലിലും അടക്കാനാവാത്ത ആവേശത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയെ മലയോരം വരവേറ്റത്. തിളച്ചു മറിയുന്ന പൊരിവെയിലില്‍ കാത്തുനിന്ന ആയിരങ്ങളില്‍ ആവേശമായി ജനായകന്‍ പെയ്തിറങ്ങി. ലളിതവും ഹൃദ്യവുമായ ഭാഷയില്‍ കണ്ടും കേട്ടും നിന്നവരുടെ മനസുകളില്‍ ആത്മഹര്‍ഷത്തിന്റെ കുളിര്‍മഴ പെയ്യിച്ചാണ് രാഹുല്‍ ഗാന്ധി തിരുവമ്പാടിയുടെ മണ്ണില്‍നിന്ന് വിടപറഞ്ഞത്.
'വയനാട്ടിലെ സഹോദരിമാര്‍ക്ക് ഞാന്‍ സഹോദരനാണ്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ഞാന്‍ മകനാണ്. യുവാക്കള്‍ക്ക് ഞാന്‍ സുഹൃത്താണ്. ഈ ബന്ധം ആര്‍ക്കും തുടച്ചുനീക്കാനാവുന്നതല്ല...' ചിരകാല ആത്മബന്ധത്തിന്റെ ഹൃദയകവാടം തുറന്നിട്ട് രാഹുല്‍ നിലപാട് വ്യക്തമാക്കിയപ്പോള്‍ തിരുവമ്പാടിയില്‍ തടിച്ചുകൂടിയ ജനസഞ്ചയം ഇളകിമറിഞ്ഞു. ഹര്‍ഷാരവവും മുദ്രാവാക്യം വിളിയും പന്തലില്‍ പ്രകമ്പനം കൊണ്ടു. 'നിങ്ങളുടെ ശബ്ദം വയനാടിന്റെ മാത്രം ശബ്ദമല്ല. അത് കേരളത്തിന്റേതാണ്, അതിനുമപ്പുറം ഇന്ത്യയുടെ സ്വരമാണ്. എല്ലാവരും ഒത്തൊരുമയോടെയും സ്‌നേഹത്തോടെയും ജീവിക്കുന്ന സ്ഥലമാണിത്. ഇവിടെ മത്സരിക്കാന്‍ സാധിച്ചത് ഒരു അംഗീകരമായി ഞാന്‍ കാണുന്നു' വയനാടിനോടുള്ള സ്‌നേഹം ഓരോ വാക്കിലും കാത്തുവച്ചായിരുന്നു രാഹുലിന്റെ സംസാരം.
ദക്ഷിണേന്ത്യ രാജ്യത്തെ പ്രധാനപ്പെട്ടൊരിടമാണ്. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ലെന്നും, തനിക്ക് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വയനാടെന്നും രാഹുല്‍ പറഞ്ഞു. നിശ്ചയിച്ചതിലും വൈകി 1.18ന് രാഹുലിനെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ തിരുവമ്പാടിക്ക് മുകളിലൂടെ പറന്നപ്പോള്‍ ജനക്കൂട്ടം ആരവമുയര്‍ത്തി.
1.22ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം രാഹുല്‍ സമ്മേളന നഗരിയിലെത്തിയപ്പോള്‍ ആവേശം അണപൊട്ടി. 1.45ന് തുടങ്ങിയ പ്രസംഗം 2.21ന് അവസാനിപ്പിച്ച് കൈവീശി വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ കാണാന്‍ കാത്തിരുന്നവര്‍ ബാരിക്കേഡുകള്‍ക്ക് സമീപത്തേക്ക് പ്രവഹിച്ചു. ബാരിക്കേഡിന് അരികിലെത്തി കൈ വീശിയും കൈ നല്‍കിയും രാഹുല്‍ മടങ്ങുമ്പോഴും ആരവം നിലച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."