മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ്: കലക്ടര്‍ അടച്ചു; എം.എല്‍.എ തുറന്നു
മഞ്ചേരി:ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപമം മിശ്ര അടച്ചിട്ട മഞ്ചേരിയിലെ പഴയ ബസ് സ്റ്റാന്‍ഡ് എം.എല്‍.എയും നഗരസഭാ അധികൃതരും വ്യാപാരികളും ചേര്‍ന്നു തുറന്നു. ഇന്നലെ രാവിലെ 11.30ന് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ വി.എം സുബൈദ, ഉപാധ്യക്ഷന്‍ വി.പി ഫിറോസ്, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതി നിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധ പ്രകടനവുമായെത്തിയാണ് മഞ്ചേരിയിലെ പഴയ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്തത്. ഇതോടെ കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ പ്രവേശിച്ചു. കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ നേരിട്ടെത്തി സ്റ്റാന്‍ഡ് അടച്ചിരുന്നത്. എന്നാല്‍, ഇതിനെതിരേ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഇതോടെയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ നഗരമധ്യത്തിലൂടെ കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാന്‍ഡിലേക്കു പോകുന്ന മുഴുവന്‍ ബസുകളും ബസ് ബേ അടിസ്ഥാനത്തില്‍ പഴയ ബസ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്ന സംവിധാനം പുനരാവിഷ്‌കരിച്ചത്.
ബസ്‌ബേ സംവിധാനമോ ബസ് കാത്തിരിപ്പിനുള്ള സൗകര്യങ്ങളോ ഏര്‍പ്പെടുത്താതെ സ്റ്റാന്‍ഡ് അടച്ചതു യാത്രക്കാരെ പെരുവഴിയിലാക്കുന്ന നിലയാണ് നഗരത്തില്‍ സൃഷ്ടിച്ചത്. ഇതിനെതിരേ പ്രതിഷേധവും ശക്തമായിരുന്നു. ഗതാഗത പരിഷ്‌കാരത്തിന്റെ പേരില്‍ പഴയ ബസ് സ്റ്റാന്‍ഡ് അടച്ചുപൂട്ടിയതിനെചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നേരത്തെ ബഹളമുണ്ടായിരുന്നു. അപകടാവസ്ഥയിലായ ബസ്റ്റാന്‍ഡ് കെട്ടിടം ഉപയോഗിക്കാതെ ബസ് ബേ സംവിധാനം നിലനിര്‍ത്തണമെന്ന നിലപാടാണ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ ഇന്നലെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."