മാഹി ഇന്നു പോളിങ് ബൂത്തില്‍
മാഹി: പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന മാഹിയില്‍ ഇന്നു വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണു തെരഞ്ഞെടുപ്പ്. മാഹിയിലെ 33 പോളിങ് ബൂത്തുകളിലാണു വോട്ടെടുപ്പ് നടക്കുക. പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ 4,59,504 പുരുഷന്‍മാരും 5,13,810 സ്ത്രീകളും 96 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 9,73,410 വോട്ടര്‍മാരുള്ളത്. പുതുതലമുറയിലെ 20,789 പേര്‍ ആദ്യമായി വോട്ടുചെയ്യും. മാഹിയില്‍ മൊത്തം 29951 വോട്ടര്‍ന്മാരും സമ്മതിദാനവകാശം രേഖപ്പെടുത്തും.
തെരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കുന്നതിനു 200 പേരടങ്ങിയ ഒരു ബറ്റാലിയന്‍ കേന്ദ്രസേനയും മാഹിയിലെത്തി റൂട്ട് മാര്‍ച്ച് നടത്തി. മാഹി പാലം, പൂഴിത്തല, ചൊക്ലി, പാറാല്‍, മാക്കുനി, കോപ്പാലം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റുകളില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വാഹന പരിശോധന കര്‍ശനമാക്കി. മാഹിയില്‍ ഇന്നു പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം 19 വരെ മാഹിയില്‍ ഡ്രൈഡേ പ്രഖ്യാപിച്ചതിനാല്‍ മദ്യശാലകള്‍ തുറക്കില്ല.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പുതുച്ചേരി സംസ്ഥാനത്ത് കര്‍ശനമാക്കിയതിനാല്‍ ചുമരെഴുത്തുകളോ ബാനറുകളോ മാഹിയില്‍ കാണാന്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. വൈദ്യലിംഗവും എന്‍.ആര്‍ കോണ്‍ഗ്രസിലെ ഡോ. നാരായണ സാമി കേശവനും തമ്മിലാണു പ്രധാന മത്സരം. മാഹിയില്‍ മാത്രം സി.പി.എം പിന്തുണയ്ക്കുന്ന സിനിമാതാരം കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാനാര്‍ഥി സുബ്രമണ്യമടക്കം 18 സ്ഥാനാര്‍ഥികളാണു പുതുച്ചേരിയില്‍ മത്സര രംഗത്തുള്ളത്. പുതുച്ചേരിയില്‍ ബാക്കിയുള്ള 27 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആണ് സി.പി.എം പിന്തുണയ്ക്കുന്നത്. ഇന്നലെ വൈകിട്ട് മാഹി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ നിന്നു വരണാധികാരിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ ബൂത്തുകളിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."