ഓരോ പ്രളയവും ബാക്കിയാക്കുന്നത്
ഓഗസ്റ്റ് മാസത്തെ ഭീതിയോടെ കാണേണ്ട അവസ്ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്ത് ഭീതി വിതച്ചുകൊണ്ട് കനത്ത മഴ പെയ്യുകയും തുടര്‍ന്ന് നഗരങ്ങളും ഗ്രാമങ്ങളും പ്രളയത്തില്‍ മുങ്ങുകയുമാണ്. ഇതുവഴി പലര്‍ക്കും വീടുകള്‍ നഷ്ടപ്പെടുന്നു. ചിലത് കേടുപാടുകള്‍ സംഭവിച്ചു വാസയോഗ്യമല്ലാതായി തീരുന്നു. പലരുടെയും കൃഷിയിടങ്ങള്‍ നശിക്കുന്നു. ജീവിതോപാധികള്‍ ഇല്ലാതാകുന്നു. 2018ലെ പ്രളയ ദുരിതം അനുഭവിച്ചവര്‍ ഇപ്പോഴും അതിന്റെ ആഘാതത്തില്‍നിന്ന് പൂര്‍ണമായും മുക്തരായിട്ടില്ല. പലര്‍ക്കും ഇപ്പോഴും അവരുടെ പഴയ ജീവിത പരിസരങ്ങളിലേക്ക് മടങ്ങിപ്പോകാനും കഴിഞ്ഞിട്ടില്ല.
2018ലെ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, ഭാവിയിലെ നമ്മുടെ ജീവിതവീക്ഷണത്തിനു കാര്യമായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു, വീട് നിര്‍മാണങ്ങളില്‍ പുതിയ രീതി സ്വീകരിക്കേണ്ടിയിരിക്കുന്നു, ഇതിനായി ഒരു നവകേരളം പടുത്തുയര്‍ത്തുക എന്നതായിരിക്കണം നമ്മുടെ ഇനിയുള്ള അജന്‍ഡ എന്നാണ്. എന്നാല്‍, 2018ലെ പ്രളയ ദുരന്തത്തിനിരയായവരെ പൂര്‍ണമായും പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് 2019 ല്‍ മറ്റൊരു പ്രളയം വന്നു. കവളപ്പാറ എന്ന ഗ്രാമത്തെ തന്നെ ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കി. ഇവിടെ ഇരയായവര്‍ക്കും പുനരധിവാസം ഉറപ്പാക്കുന്നതിന് മുന്‍പ് ഇതാ ഈ ഓഗസ്റ്റ് മാസത്തിലും വമ്പിച്ച നഷ്ടങ്ങള്‍ വരുത്തികൊണ്ടു മറ്റൊരു പ്രളയം സംസ്ഥാനത്തെ വന്നു മൂടിയിരിക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് എഴുപതിലധികം മനുഷ്യരാണ് മണ്ണിനടിയില്‍ മറഞ്ഞത്. പലരുടെയും മൃതദേഹങ്ങള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ഓരോ വര്‍ഷവും സംസ്ഥാനത്തിനു കിട്ടേണ്ട മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ടെങ്കിലും പ്രളയങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഓരോ പ്രളയങ്ങളും അപരിഹാര്യമായ നഷ്ടങ്ങള്‍ ബാക്കിയാക്കിയാണ് കടന്നുപോകുന്നത്. പലരെയും ഭവനരഹിതരാക്കുന്നു. അതുവരെയുള്ള സമ്പാദ്യമെടുത്താണ് പലരും വീട് വയ്ക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെടുമ്പോള്‍ സമ്പാദ്യവും കൂടിയാണ് നഷ്ടപ്പെടുന്നത്. പിന്നീട് നിത്യദാരിദ്ര്യത്തിലേക്കാണവര്‍ എടുത്തെറിയപ്പെടുന്നത്.
ഇതിനൊരു ശാശ്വത പരിഹാരം എങ്ങനെ സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. ഓരോ വര്‍ഷവും ഉണ്ടാകുന്ന പ്രളയവും ഉരുള്‍പൊട്ടലുകളും സര്‍ക്കാരുകള്‍ക്ക് വമ്പിച്ച ബാധ്യതകളാണ് വരുത്തിവയ്ക്കുന്നത്. തന്നിമിത്തം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കും സംസ്ഥാനത്തിന്റെ പുരോഗതിക്കും നീക്കിവയ്ക്കുന്ന പണം ഇത്തരം ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി ചെലവഴിക്കേണ്ടി വരുന്നു. എന്നാല്‍, പുനരധിവാസ പ്രര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലതാനും. ഇതാണ് ഓരോ പ്രളയവും ബാക്കി വയ്ക്കുന്നത്.
ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ നമ്മുടെ വികസന കാഴ്ചപ്പാടില്‍ കാതലായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ വര്‍ധിച്ചുവരുന്നു എന്നത് ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. ഇതുവരെയുള്ള പഠനങ്ങളില്‍ പ്രധാനമായും പറയുന്നത് പ്രളയവും മണ്ണിടിച്ചിലുമാണ് കേരളത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നതെന്നാണ്. ഇതാകട്ടെ അശാസ്ത്രീയമായ മണ്ണെടുപ്പും വര്‍ധിച്ചു വരുന്ന ക്വാറികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്നുമാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനാവശ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള 'കേരള പുനര്‍നിര്‍മാണ പദ്ധതി'യാണിത്. ഈ പദ്ധതിയുടെ അധീനതയിലുള്ള വെബ്‌സൈറ്റിലൂടെയാണ് പൊതുജനങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കേണ്ടതെങ്കിലും പൊതുജനം നല്‍കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന വികസന നയങ്ങള്‍ അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല.
പഴയതിലും മികച്ചതായുള്ള ഒരു കേരളത്തെ പുനര്‍നിര്‍മിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ വയലുകള്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നതും അനിയന്ത്രിതമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതും മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കുന്നതും അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ വികസന വിരോധികള്‍ എന്ന ചാപ്പ കുത്തലുകളാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകാറ്. അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയര്‍ത്തുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. അതിനാവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ വികസനത്തിന്റെ പേരില്‍ അതെല്ലാം തള്ളിപ്പോവുകയാണ്. അത്തരം പ്രവണതകള്‍ക്ക് അറുതിവരുമെങ്കില്‍ വര്‍ഷംതോറും ഉണ്ടായികൊണ്ടിരിക്കുന്ന പ്രളയ ദുരന്തങ്ങളെ ഒരളവോളം ചെറുക്കാനും പ്രളയം മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ ഒരു പരിധിവരെ കുറയ്ക്കാനും കഴിയും. അതോടൊപ്പം തന്നെ ആവാസ വ്യവസ്ഥയിലും മാറ്റം വരുത്തേണ്ടതുണ്ട്. വ്യാപകമായിക്കൊണ്ടിരിക്കുന്ന വന കൈയേറ്റം അവസാനിപ്പിക്കണം. ഗാഡ്ഗില്‍ സമിതി പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മാറ്റിവയ്ക്കുകയും പിന്നീട് ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ വിലപിക്കുകയും ചെയ്യുന്നതില്‍ എന്തര്‍ഥമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."