രണ്ടാംഘട്ട വോട്ടെടുപ്പ്: പലയിടത്തും അക്രമം
ന്യൂഡല്‍ഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നടന്ന രണ്ടാംണ്ടഘട്ട വോട്ടെടുപ്പ് അക്രമാസക്തം. ബംഗാളിലെ സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹത്തിനു നേരെ വെടിയ്പുണ്ടായി. രണ്ടാംഘട്ടത്തില്‍ 67.5 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒഡിഷയിലെ 35 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും തമിഴ്‌നാട്ടിലെ 18 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.
പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ എം.പിയും സി.പി.എം സ്ഥാനാര്‍ഥിയുമായ മുഹമ്മദ് സലിമിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് വെടിവയ്പുണ്ടായത്. സലിം വോട്ട് രേഖപ്പെടുത്താന്‍ പാത്തഗോറയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വെടിവയ്പിലും ഒപ്പമുണ്ടായ കല്ലേറിലും കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. സലിമിനെ ഉടന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അടുത്തുള്ള പാര്‍ട്ടി ഓഫിസിലേക്ക് മാറ്റി. വെടിവയ്പിലും ആക്രമണത്തിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ മേധ, ധാബ ഗ്രാമങ്ങളില്‍ നക്‌സലൈറ്റുകള്‍ ബോംബ് സ്‌ഫോടനം നടത്തി. 10.30 ഓടെ നടത്തിയ സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല. മണിപ്പൂരിലെ ഇഫാല്‍ ഈസ്റ്റ് കൈമഖേയി മുസ്‌ലിം മഖാ ലേയ്കി പോളിങ് സ്‌റ്റേഷന്‍ ആള്‍ക്കൂട്ടം ആക്രമിക്കുകയും വോട്ടിങ് മെഷിനും മറ്റ് ഉപകരണങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ മൂന്നു മുതിര്‍ന്ന പൗരന്‍മാര്‍ വോട്ടു ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ചു. കോയമ്പത്തൂരില്‍ ബാലകൃഷ്ണന്‍, ഈറോഡില്‍ മുരുകേശന്‍, സേലത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. ഒഡിഷയില്‍ വിവിപാറ്റുകള്‍ ഘടിപ്പിക്കുന്നതില്‍ പിഴവുവന്നതിനെത്തുടര്‍ന്ന് നാല് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിങ് നിര്‍ദേശിച്ചു.
പശ്ചിമബംഗാളില്‍ റായ്ഗഞ്ചിനു പുറമെ ഡാര്‍ജിലിങ്ങിലും സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബൂത്തിലെ വോട്ടിങ് മെഷിനും നശിപ്പിച്ചു. അസം 76.22 ശതമാനം, ബിഹാര്‍ 62.04, ഛത്തീസ്ഗഡ് 72.45, ജമ്മുകശ്മിര്‍ 45.64, കര്‍ണാടക 67.83, മഹാരാഷ്ട്ര 61.57, മണിപ്പൂര്‍ 77.93, ഒഡിഷ 57.97, പുതുച്ചേരി 77.49, തമിഴ്‌നാട് 69.86, ഉത്തര്‍പ്രദേശ് 62.06, പശ്ചിമബംഗാള്‍ 76.42 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 1,629 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."