കെട്ടിട നികുതി ഇളവുകള്‍ ഫഌറ്റുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് മന്ത്രി
തിരുവനന്തപുരം: 660 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഇളവ് ഫ്‌ളാറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. 25 മുതല്‍ 50 ലക്ഷം വിലയുള്ള ഫ്‌ളാറ്റുകള്‍പോലും 660 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ നിലവിലെ ചട്ടപ്രകാരം നികുതി അടയ്‌ക്കേണ്ടതില്ല.
ഇവയ്ക്കുമേല്‍ നികുതി ചുമത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൂടാതെ ടൂറിസം, ക്വാറി മേഖലകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നികുതിവലയത്തില്‍പ്പെടാത്ത മേഖലകളെ പിരിവിന്റെ പരിധിയില്‍ കൊണ്ടുവരും.
തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന തൊഴില്‍നികുതി വര്‍ധിപ്പിക്കുന്നതിന് നിയമത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളം കണക്കിലെടുക്കാതെ പരമാവധി 2,500 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ത്രിതല പഞ്ചായത്തുകളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കെട്ടിട നികുതിയും ലൈസന്‍സ് നിരക്കും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു.
നികുതി, നികുതിയിതര ഇനങ്ങളില്‍ 222 കോടി രൂപയാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഇത് പിരിച്ചെടുക്കുന്നതിനുള്ള കര്‍മപദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിസ്വീകരിക്കുമെന്നു മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.
1511 സര്‍ക്കാര്‍ ഓഫിസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴയില്‍ 148ഉം കോഴിക്കോട് 144ഉം തിരുവനന്തപുരത്ത് 142ഉം കൊല്ലത്ത് 136ഉം എറണാകുളത്ത് 113ഉം കോട്ടയത്ത് 116ഉം ഓഫിസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."