ജാമിഅ നഗറില്‍ ലൈംഗികാതിക്രമവും: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
സി.എ.എ വിരുദ്ധ സമരക്കാരെ ഡല്‍ഹി പൊലിസ് ക്രൂരമായി മര്‍ദിച്ചു
ന്യൂഡല്‍ഹി: പൗരത്വപ്രക്ഷോഭത്തിനിടെ ഫെബ്രുവരി 10നുണ്ടായ ഡല്‍ഹി ജാമിഅ പൊലിസ് അതിക്രമത്തില്‍ സമരക്കാരെ ഡല്‍ഹി പൊലിസ് ക്രൂരമായ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയതായി അരുണാ റോയിയുടെ നേതൃത്വത്തിലുള്ള ദ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ എന്ന സംഘടനയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. 15 സ്ത്രീകളെയും 30 പുരുഷന്‍മാരെയും പൊലിസ് ലൈംഗികാതിക്രമത്തിനു വിധേയമാക്കി. പലര്‍ക്കും ജനനേന്ദ്രിയത്തില്‍ ഗുരുതരമായ മുറിവേറ്റതായി റിപ്പോര്‍ട്ട് പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ഥികളും ജാമിഅ നഗര്‍ നിവാസികളുമടങ്ങുന്ന സമരക്കാര്‍ക്കെതിരേയാണ് പൊലിസ് അതിക്രമമുണ്ടായത്.പുരുഷ പൊലിസുകാര്‍ സ്ത്രീകളായ പ്രതിഷേധക്കാരെ തിരഞ്ഞുപിടിച്ചു. വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചതായും രഹസ്യഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു. 16 മുതല്‍ 60 വയസു വരെയുള്ള സ്ത്രീകള്‍ അതിക്രമത്തിനിരയായി. പുരുഷന്‍മാരായ സമരക്കാര്‍ക്കു നേരെയും ലൈംഗികാതിക്രമമാണു നടന്നത്. പുരുഷന്‍മാരുടെ രഹസ്യഭാഗങ്ങള്‍ നോക്കിയാണ് പൊലിസ് അക്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലിസ് അതിക്രമത്തിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുകയോ ഉണ്ടായില്ല. ടിയര്‍ ഗ്യാസിനു പകരം പ്രതിഷേധക്കാര്‍ക്കു നേരെ വിഷവാതകത്തിനു തുല്യമായ കെമിക്കല്‍ സ്‌പ്രേകളാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വാതകമേറ്റ് നിലത്തുവീണവരെയാണ് പൊലിസ് പീഡനത്തിനു വിധേയമാക്കിയത്. സാധാരണ ലാത്തിച്ചാര്‍ജിലുണ്ടാകുന്ന പരുക്കുകളായിരുന്നില്ല സമരക്കാര്‍ക്കുണ്ടായിരുന്നതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇതുസംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."