ആയിരത്തിയിരുന്നൂറു കേന്ദ്രകള്‍ പിന്നിട്ട് പി. രാജീവിന്റെ പര്യടനം
കൊച്ചി: മണ്ഡല പര്യടനത്തിന്റെ ഭാഗമായി ആയിരത്തി ഇരുന്നൂറോളം കേന്ദ്രങ്ങള്‍ പിന്നിട് ഇടതു സ്ഥാനാര്‍ഥി പി. രാജീവ്. കടവന്ത്ര സ്‌പോര്‍ട്‌സ് സെന്ററില്‍ വിവിധ കായിക വിനോദങ്ങളിലും വ്യായാമങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരോട് വോട്ട് അഭ്യര്‍ഥിച്ചാണ് പി. രാജീവിന്റെ ഇന്നലത്തെ മണ്ഡല പര്യടനം ആരംഭിച്ചത്. പി ആന്‍ഡ് ടി കോളനിയിലെ സ്വീകരണത്തിനിടയില്‍ പുനരധിവാസം വേഗത്തിലാക്കാന്‍ ഇടപെടും എന്ന് സ്ഥാനാര്‍ഥി ഉറപ്പു നല്‍കി.
മുണ്ടംവേലിയില്‍ അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൊച്ചിന്‍ ഷിപ് യാര്‍ഡിലെ സ്വീകരണത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. കപ്പല്‍ശാല തൊഴിലാളിയായ മുഹമ്മദ് റിയാസ് സ്ഥാനാര്‍ത്ഥിക്ക് തന്റെ പെന്‍സില്‍ കൊണ്ടുള്ള ഛായാചിത്രം സമ്മാനിച്ചു. തുടര്‍ന്ന് പി ആന്‍ഡ് ടി കോളനി സന്ദര്‍ശിച്ചു. സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ പെസഹ വ്യാഴം പ്രത്യേക പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെയും മറ്റ് വൈദികരെയും സ്ഥാനാര്‍ഥി സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു.
തേവര കോന്തുരുത്തിയിലെ കസിബ കോളനിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സുരാജ് പോപ്‌സും പങ്കെടുത്തു. എ.പി വര്‍ക്കി നഗര്‍, ഹൗസ് ഓഫ് പ്രൊവിഡന്‍സ് വൃദ്ധസദനം, സെന്റ് അഗസ്റ്റിന്‍സ് കോണ്‍വെന്റ്, സെന്റ് തെരേസാസ് മേഴ്‌സി ഹോം എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. എറണാകുളം പള്ളിപ്പറമ്പ് കോളനിയിലെത്തിയ പി. രാജീവ് വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിച്ചു. എറണാകുളത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.എ പുഷ്പാകരനെ ജഡ്ജസ് അവന്യൂവിലെ വീട്ടിലെത്തി കണ്ടു. റിട്ട. ജസ്റ്റിസ് നാരായണക്കുറുപ്പ്, ഡോ. സുജിത്ത് വാസുദേവന്‍ എന്നിവരെയും ബ്രോഡ് വേയിലെ സി.എസ്.ഐ ഇമ്മാനുവല്‍ പള്ളി എന്നിവിടങ്ങളും സന്ദര്‍ശിച്ചു. രവിപുരത്ത് ആലപ്പാട്ട് ക്രോസ് റോഡിലെ സ്വീകരണം ഏറ്റുവാങ്ങി.
ഇ.കെ നായനാരുടെ മകള്‍ ഉഷാ പ്രവീണിനെയും കുടുംബത്തെയും കാണാന്‍ ഫ്‌ളാറ്റില്‍ ചെന്നപ്പോള്‍ ഫ്‌ളാറ്റിലെ മറ്റ് കുടുംബങ്ങളും സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. രാഷ്ട്രീയത്തെ പറ്റിയും നഗരത്തിന്റെ വികസനത്തെ പറ്റിയുമുള്ള ഗൗരവമേറിയ ചര്‍ച്ചക്ക് അവിടം വേദിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."