ഹൃദയാഘാതം മൂലം മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മയ്യത്ത് സഊദിയിൽ ഖബറടക്കി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സഊദിയിലെ ഹഫർ അൽ ബാത്വിനിൽ മരണപ്പെട്ട കോഴിക്കോട് അരീക്കാട് നല്ലളം സ്വദേശി ബുഷറ മൻസിലിൽ അബ്ദുൽ ലത്തീഫ് (57) ന്റെ മയ്യത്ത് ഖബറടക്കി. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൽ ലത്തീഫിനെ കൂടെ ജോലി ചെയ്യുന്ന പ്രഭോഷ് ലാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഡോ: നൂർ മുഹമ്മദ് ഖാൻ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അൽ ജവ്സ ഗോൾഡൻ ട്രേഡിങ് (ഹരിതം ഫുഡ്) കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യ:വാഹിദ,മക്കൾ:ഫാരിഷ,ഫാദിയ.
ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കൊർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ ഹഫർ അൽ ബാത്തിനിലെ വാളന്റിയർമാരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം തുടങ്ങിയവർ നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സനാഇയ ഖബർസ്ഥാനിൽ കബറടക്കി.ഹരിതം കമ്പനിയിൽ കൂടെ ജോലി ചെയ്യുന്നവരും സുഹ്യത്തുകളുമായ അൻവർ ഷാ,വിശ്വനാഥ്,ദുൽഖർ സൽമാൻ,ഷിഹാബ്,നാസർ,ഫിയാസ്,അനുപ്,യൂൻസ്,മുജീബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."