ഇടിമിന്നല്‍: ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍
കൊല്ലം: വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലിനെതിരേ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടുവരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അറിയിച്ചു.
മനുഷ്യ ജീവനും വൈദ്യുത വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ട്. ഇടിമിന്നല്‍ ദൃശ്യമായില്ലെങ്കിലും ഉച്ച മുതല്‍ രാത്രി എട്ടുവരെ മുന്‍കരുതലെടുക്കണം. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടുവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്തേക്ക് വിടരുത്. മഴക്കാര് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്ക് പോകാനും പാടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇടിമിന്നല്‍ ഉള്ളപ്പോള്‍ പ്രസംഗം നിറുത്തിവയ്ക്കണം; മൈക്ക് ഓഫ് ചെയ്യുകയും വേണം. ഇടിമിന്നലെത്തുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് ജനാലയും വാതിലും അടച്ചിടുകയും വേണം. ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ ഒഴിവാക്കണം. വൈദ്യുതി ഉപകരണങ്ങളില്‍ നിന്ന് അകലം പാലിക്കണം. ഫോണ്‍ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കാനും പാടില്ല. വീടിനുള്ളിലെ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്.
ഇടിമിന്നലുള്ളപ്പോള്‍ ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളിലുള്ളവര്‍ തുറസായ സ്ഥലത്ത് ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാത്ത രീതിയില്‍ വാഹനം നിര്‍ത്തിയിടണം. ജലാശയത്തില്‍ ഇറങ്ങുവാനോ പട്ടം പറത്താനോ ശ്രമിക്കരുത്. തുറസായ സ്ഥലത്ത് പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല് മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കിവച്ച് ഇരിക്കണം. പ്രതിരോധ മാര്‍ഗമായി കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ സജ്ജമാക്കാം. മിന്നലേറ്റാല്‍ പൊള്ളലോ കാഴ്ചകേള്‍വി നഷ്ടമോ ഹൃദയാഘാതമോ സംഭവിക്കാം. പരുക്ക് ഏല്‍ക്കുന്നവര്‍ക്ക് ആദ്യ മുപ്പത് സെക്കന്റിനുള്ളില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നത് പ്രധാനമാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത് എന്നിവയാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."