പെട്ടിമുടിയുടെ മണ്ണില്‍ ഇന്നും തിരച്ചില്‍, കണ്ടെടുക്കാനുള്ളത് 15 പേരെ: മണ്ണടിഞ്ഞ് നിരന്നിടത്ത് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന
മൂന്നാര്‍: അന്‍പതിലേറെ മനുഷ്യരുടെ ജീവനപഹരിച്ച രാജമല പെട്ടിമുടിയുടെ മണ്ണില്‍ ഇനിയും അമര്‍ന്നുകിടക്കുന്നത് 15 മനുഷ്യ ശരീരങ്ങള്‍. ദുരന്തം നടന്നിട്ട് എട്ടുനാള്‍ പിന്നിട്ടിട്ടും ഇവര്‍ ഇപ്പോഴും കാണാമറയത്തുതന്നെയാണ്. തിരച്ചില്‍ വലിയ രീതിയില്‍ പുരോഗമിക്കുമ്പോഴും കാണാതായവരെ കണ്ടെത്തുക എന്നത് ദുഷ്‌ക്കരമായി തീരുകയാണ്. പെട്ടിമുടിയില്‍ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇന്നലെ ആരെയും കണ്ടെത്തായില്ല.
കന്നിയാര്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ദൗത്യസംഘം ഇന്നും തുടരുന്നുണ്ട്. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇന്ന് കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും.
കഴിഞ്ഞ വര്‍ഷം മലപ്പുറം കവളപ്പാറയിലേതിനു സമാനമാണ് ഇവിടെയും അവസ്ഥ. കവളപ്പാറയുടെ മണ്ണ് അപഹരിച്ചവരില്‍ പലരും ഇപ്പോഴും ഉറങ്ങുന്നത് മണ്ണിനടിയില്‍തന്നെയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ദുരന്തബാധിതര്‍ക്ക് വീടും കുട്ടികളുടെ തുടര്‍ പഠനവും പരുക്കേറ്റവരുടെ തുടര്‍ ചികിത്സയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തി. കരിപ്പൂരിന് സമാനമായി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."