കെ.എസ്.ഐ.ഡി.സി 1.75 കോടി രൂപ ലാഭവിഹിതം കൈമാറി
തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) 2015-16ലെ ലാഭവിഹിതമായ 1.75 കോടി രൂപ സര്‍ക്കാരിന് കൈമാറി. വ്യവസായവകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കെ.എസ.്‌ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ: എം ബീന മന്ത്രി എ.സി മൊയ്തീന് തുകയുടെ ചെക്ക് നല്‍കി.
കഴിഞ്ഞ 23 വര്‍ഷമായി തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്ന ടോപ് റാങ്കിങ് പി.എസ്.യുവികളില്‍ ഒന്നാണ് കെ.എസ്.ഐ.ഡി.സി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 49.87 കോടി രൂപയാണു ലാഭം നേടിയത്. 2014-15 സാമ്പത്തികവര്‍ഷത്തില്‍ ലാഭം 33.66 കോടി രൂപയായിരുന്നു.
2015-16 കാലയളവില്‍ നേരിട്ടുള്ള ടേം ലോണ്‍ സഹായം എന്ന നിലയില്‍ 92.88 കോടി രൂപയുടെ മൂലധനനിക്ഷേപം വരുന്ന പദ്ധതികള്‍ക്കാണ് കെ.എസ.്‌ഐ.ഡി.സി അനുമതി നല്‍കിയത്.
ഈ പദ്ധതികളിലൂടെ 4480 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
കോര്‍പറേഷന്‍ 61.63 കോടിരൂപയുടെ ധനവിനിയോഗവും 118.17 കോടിരൂപയുടെ റിക്കവറിയും 2015-16 കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ കെ.എസ്.ഐ.ഡി.സിയുടെ ആകെ വരുമാനം 63.55 കോടിയാണ്.
സംസ്ഥാനങ്ങളില്‍ വ്യവസായസംരംഭങ്ങള്‍ തുടങ്ങുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'ഈസ് ഓഫ് ഡൂയിങ് ബിസിനസി'ന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സിയാണ് കെ.എസ്.ഐ.ഡി.സി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിവരുന്ന ബൃഹത് പദ്ധതികളായ ലൈഫ് സയന്‍സ് പാര്‍ക്ക്, പെട്രോകെമിക്കല്‍ പാര്‍ക്ക്, ലൈറ്റ് എഞ്ചിനീയറിങ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഇലക്ട്രോണിക് പാര്‍ക്ക്, മെഗാ ഫുഡ് പാര്‍ക്ക് തുടങ്ങിയവ കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിലാണ് നടപ്പാക്കിവരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ ശബരിമല എയര്‍പോര്‍ട്ട് പദ്ധതിയുടെ സാധ്യതാപഠനത്തിനുളള നോഡല്‍ ഏജന്‍സിയും കെ.എസ്.ഐ.ഡി.സിയാണ്. സംസ്ഥാനത്തേക്കുള്ള നിക്ഷേപകരുടെ സിംഗിള്‍ പോയിന്റ് കോണ്‍ടാക്റ്റ് എന്നതിനു പുറമെ പ്രൊജക്ട് അപ്രൈസല്‍, ഇന്നോവേറ്റീവ് ഫണ്ടിംഗ്, സ്റ്റാര്‍ട്ടപ്പ് ഡെവലപ്‌മെന്റ്, വനിതാ സംരംഭകര്‍ക്കുള്ള സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ്, വേഗതയേറിയ ക്ലിയറിങ് സാധ്യമാക്കല്‍, എന്റര്‍പ്രണര്‍ മെന്ററിങ്, ഇന്‍ഫ്രാസ്ട്രക്ചറല്‍ സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."