നല്ലനാലില്‍' തിളങ്ങി ചെറുവത്തൂര്‍; എല്‍.എസ്.എസ് വിജയത്തിലും സംസ്ഥാനത്ത് ഒന്നാമത്
ചെറുവത്തൂര്‍: യു.എസ്.എസ് പരീക്ഷാ വിജയത്തില്‍ സംസ്ഥാനത്ത് ഒന്നാമത് എത്തിയതിനു പിന്നാലെ നാലാംതരം വിദ്യാര്‍ഥികള്‍ക്കായുള്ള എല്‍.എസ്.എസ് പൊതുപരീക്ഷയിലും സംസ്ഥാനത്ത് ഒന്നാമതെത്തി ചെറുവത്തൂര്‍ ഉപജില്ല. 211 കുട്ടികള്‍ എല്‍.എസ്.എസ് വിജയികളായി.
കഴിഞ്ഞതവണ 118 കുട്ടികളാണ് വിജയം നേടിയത്. 37.48 ആണ് വിജയശതമാനം. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല (32.78), പയ്യന്നൂര്‍ ഉപജില്ല ( 32.22) എന്നിവര്‍ സംസ്ഥാനത്ത് രണ്ടാമതും മൂന്നാമതും എത്തി. 563 കുട്ടികളാണ് ചെറുവത്തൂര്‍ ഉപജില്ലയില്‍ എല്‍.എസ്.എസ് പരീക്ഷ എഴുതിയത്. എല്‍.എസ്.എസ് വിജയശതമാനം ഉയര്‍ത്തുന്നതിനായി ചെറുവത്തൂരില്‍ നടപ്പിലാക്കിയ 'നല്ല നാല് ' പദ്ധതിയാണ് വിജയശതമാനം ഉയര്‍ത്തുന്നതിന് സഹായകമായത്.
ചെറുവത്തൂര്‍ ഉപജില്ലയിലെ 80 അധ്യാപകരാണ് കൂട്ടായ്മയില്‍ അംഗങ്ങളായത്. അവധി ദിവസങ്ങളില്‍ അധ്യാപകര്‍ ഒത്തു ചേരുകയും ക്ലാസ് അനുഭവങ്ങള്‍, കുട്ടികളുടെ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം പങ്കുവയ്ക്കുകയും ചെയ്തു. മാതൃകാ ചോദ്യങ്ങള്‍, പഠന സഹായികള്‍ എന്നിവയെല്ലാം രൂപപ്പെടുത്തി.
'ചെപ്പ് ' എന്നപേരില്‍ എല്‍.എസ്.എസ് പഠനസഹായിയും രൂപപ്പെടുത്തി. മാതൃകാ പരീക്ഷാ ഓണ്‍ലൈന്‍ പരീക്ഷ എന്നിവയും നടത്തി. വിദ്യാലയങ്ങളിലെല്ലാം അധ്യാപക-രക്ഷാകര്‍തൃ കൂട്ടായ്മയിലൂടെ മികച്ച പരിശീലനം ഉറപ്പുവരുത്താനായതും വിജയശതമാനം ഉയര്‍ത്തുന്നതിന് സഹായിച്ചതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.കെ വിജയകുമാര്‍, ബി.പി.ഒ ഉണ്ണിരാജന്‍ പറഞ്ഞു.
യു.എസ്.എസ് പരീക്ഷയില്‍ 225 വിദ്യാര്‍ഥികളെ വിജയത്തിലെത്തിച്ചാണ് ചെറുവത്തൂര്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയത്. മഞ്ചേശ്വരം ( 46 ), കുമ്പള ( 25 ), കാസര്‍കോട് (158), ബേക്കല്‍ (92), ചിറ്റാരിക്കാല്‍ (113 ), ഹൊസ് ദുര്‍ഗ് (194 ) എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് ഉപജില്ലകളിലെ എല്‍.എസ്.എസ് വിജയികളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."