24 വര്‍ഷത്തെ വൈരം മറന്ന് മുലായവും മായാവതിയും ഒരേ വേദിയില്‍: മോദിയല്ല മുലായമാണ് യഥാര്‍ഥ പിന്നാക്ക സമുദായ നേതാവെന്ന് മായാവതി
ലക്‌നൗ: മുലായം സിംഗ് യഥാര്‍ഥ പിന്നാക്ക സമുദായ നേതാവാണെന്ന് മായാവതി. നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി ആരോപിച്ചു.
24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് മായാവതിയും മുലായവും ഒരേ വേദിയില്‍ എത്തിയത്.
തുടര്‍ന്ന് നടന്ന പൊതുയോഗത്തിലാണ് മുലായം സിംഗിനെ പുകഴ്ത്തി മായാവതി പ്രസംഗിച്ചത്. അതിന് നന്ദി അറിയിക്കുവാന്‍ മാലായവും മറന്നില്ല.
യു.പിയില്‍ ന്യൂനപക്ഷ, ദലിത് വോട്ടുകള്‍ വിഘടിച്ചാല്‍ ഗുണം ബിജെപിക്കാകുമെന്നും എക്കാലത്തും അധികാരത്തിന് പുറത്ത് നില്‍ക്കേണ്ടി വരുമെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് ഇരുപാര്‍ട്ടികളും ഇത്തവണ സഖ്യത്തിലേര്‍പ്പെട്ടത്.
1995ന് ശേഷം ആദ്യമായാണ് മുലായം സിങുമായി വേദി പങ്കിടുന്നതെന്ന് മായാവതി ചടങ്ങില്‍ എടുത്തു പറഞ്ഞു. ഇത് ചരിത്ര ദിനമാകുമെന്നായിരുന്നു മുലായം സിങ് യാദവും പ്രതികരിച്ചു.
മെയിന്‍പുരയില്‍ നിന്ന് തന്നെയാണ് മുലായം സിങ് ഇത്തവണയും ജനവിധി തേടുന്നത്. എസ്പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
1993 ലാണ് മുമ്പ് എസ്പി, ബിഎസ്പി കൂട്ടുക്കെട്ടുണ്ടായത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുതിര്‍ന്ന നേതാവ് കാന്‍ഷി റാമിന്റെ മുന്‍കൈയില്‍ അന്ന് ഇരു പാര്‍ട്ടികളും ഒന്നിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യം ജയിക്കുകയും മുലായം സിങ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് 1995ലെ പ്രസിദ്ധമായ ഗസ്റ്റ് ഹൗസ് സംഭവത്തെ തുടര്‍ന്ന് സഖ്യം പിരിയുകയായിരുന്നു. പിന്നീട് ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി.
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തോല്‍വിക്ക് ശേഷമാണ് ഇരു പാര്‍ട്ടികളും സഖ്യസാധ്യതയെക്കുറിച്ച് ആലോചിച്ചത്.
അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."