കെ.എസ്.എഫ്.ഇ ഇടപാടുകാരുടെ ഡാറ്റ അമേരിക്കന്‍ കമ്പനിക്ക് മറിച്ചുവിറ്റു
കൊച്ചി: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡേറ്റ അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐ ക്ക് മറിച്ചു നല്‍കിയെന്ന ആരോപണവുമായി പി.ടി. തോമസ് എം.എല്‍.എ. കെ.എസ്.എഫ്.ഇ യുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മിക്കാന്‍ ടെണ്ടര്‍ നല്‍കിയ നടപടിക്രമങ്ങളില്‍ ക്രമക്കേട് നടന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്റ്റാര്‍ട്ട് കമ്പനികളെ സഹായിക്കാനെന്ന പേരിലാണ് ടെന്‍ഡര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. 14 കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിച്ചെങ്കിലും ഒന്‍പത് കമ്പനികളെ യോഗ്യത ഇല്ലാത്തതിനാല്‍ തള്ളി.
വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനികളെ ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. ടെണ്ടര്‍ നടപടിയില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും പാലിക്കാതെയാണ് എ. ഐ വെയര്‍ തോട്ട് റിപ്പിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വി.എസ്. റ്റി മോബിലിറ്റി സോലുഷന്‍സ് എന്നീ കമ്പനികള്‍ ഉള്‍പെടെ അക വെയര്‍ ആന്‍ഡ് കണ്‍സോര്‍ഷ്യം പാര്‍ട്‌നേഴ്‌സിന് മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും നിര്‍മിക്കുന്നതിനായി നല്‍കിയത്. ഇത് ടെണ്ടര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണെന്നും പി. ടി തോമസ് പറഞ്ഞു.
പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്‍ ഗണേഷിന്റെ കമ്പനിയായ എ.ഐ വെയറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് 67. 50 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ഉറപ്പിച്ചത്. ടെണ്ടര്‍ ലഭിച്ചു ആറുമാസത്തിനുള്ളില്‍ കമ്പനി ക്ലിയര്‍ ഐ എന്ന അമേരിക്കന്‍ കമ്പനിയില്‍ ലയിച്ചത് സംശയാസ്പദമാണ്.
അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐ യുടെ ഡയരക്ടര്‍മാരില്‍ ഒരാളായ മൈല്‍സ് എവെര്‍സന്‍ വിവാദ പ്രൈസ് വാട്ടര്‍ ഹൗസ് കൂപേഴ്‌സിന്റെ ഏഷ്യന്‍ റീജനല്‍ ഡയരക്ടര്‍ കൂടിയാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയരക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്റുമാണെന്നത് ഇടപാടിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി പി.ടി തോമസ് പറഞ്ഞു.
കെ.എസ്.എഫ്.ഇയുടെ കാസബ അപ്ലിക്കേഷന്‍ 2017 ല്‍ മാത്രമാണ് നിലവില്‍ വന്നത്. കാസബ സോഫ്റ്റ്‌വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്താന്‍ 2017 നവംബര്‍ 13ന് നിബോധ എന്ന കമ്പനിയുടെ ഡയരക്ടര്‍ ഗിരീഷ് ബാബുവിനെ സിഡിറ്റിനെ മറയാക്കി 34.72 ലക്ഷം രൂപ നല്‍കി നിയമിച്ചു. 10 ലക്ഷത്തിന് മുകളിലുള്ള കരാറിന് ടെന്‍ഡര്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ നടപടി. ഇപ്പോള്‍ ഇദ്ദേഹത്തെ കെ.എസ്.എഫ്.ഇ യുടെ ഐടി കണ്‍സള്‍ട്ടന്റായി 1.80 ലക്ഷം രൂപ മാസ വേതനത്തിനു നിയമിച്ചതും ദുരൂഹമാണ്.
ഏകദേശം 100 കോടി രൂപയുടെ പുതിയ സോഫ്റ്റ്‌വെയര്‍ പദ്ധതിക്ക് പ്രസ്തുത കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇത് മറ്റൊരു അഴിമതിക്ക് വഴിയൊരുക്കാനാണ്.
ഇതിനുപിന്നില്‍ സിഡിറ്റ് ഡയരക്ടറും കെ.എസ്.എഫ്.ഇ ഡയരക്ടറും പര്‍ച്ചേസ് കമ്പനി തലവനും, പ്ലാനിങ് ബോര്‍ഡ് മേധാവിയുമായ പി.വി ഉണ്ണികൃഷ്ണന്റെ വഴിവിട്ട ഇടപാടാണ്. വിവിധ പദ്ധതികളിലായി രണ്ട് കണ്‍സള്‍ട്ടന്റുമാരെ ക്രമവിരുദ്ധമായി പിന്‍വാതിലിലൂടെ കെ. എസ്. എഫ്. ഇ നിയമിച്ചിട്ടുണ്ട്. അതിലൊന്ന് ഗിരീഷ് ബാബുവും മറ്റൊന്ന് പ്രവാസി ചിട്ടിയുടെ കണ്‍സള്‍ട്ടന്റായ ശ്യാം കെ.ബി യുമാണ്.
ഇവരുടെ നിയമനത്തില്‍ മുന്‍ ഐ.ടി സെക്രട്ടറി എം .ശിവശങ്കറിന്റെ അദൃശ്യ സാന്നിധ്യവും അദ്ദേഹത്തിന്റെ വലംകൈയായ ഉണ്ണികൃഷ്ണന്റെ ചട്ട വിരുദ്ധമായ നടപടികളും മറനീക്കി പുറത്ത് വരുന്നു.
കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഡേറ്റ സ്പ്രിംഗ്ലര്‍ മോഡല്‍ കമ്പനിയായ ക്ലിയര്‍ ഐ ചോര്‍ത്തിയെടുത്തതില്‍ സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."