പ്ലേ ഓഫ് സാധ്യത കാക്കാന്‍ രാജസ്ഥാന് ഇന്ന് മുംബൈക്കെതിരേ
ജയ്പൂര്‍: പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാന് റോയല്‍സിന് ഇന്ന് മുംബൈയെ പരാജയപ്പെടുത്തിയേ മതിയാകൂ. കളിച്ച എട്ടു മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ട റോയല്‍സിന് ഇനിയൊരു പരാജയം കൂടി നേരിടേണ്ടി വന്നാല്‍ പ്ലേ ഓഫിന് ടിക്കെറ്റെടുക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്. ശക്തരായ മുംബൈയാണ് എതിരാളികള്‍ എന്നത് രാജസ്ഥാന്റെ സമ്മര്‍ദം കൂട്ടുന്നുണ്ട്. എന്നാല്‍ മുംബൈയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അവരെ പരാജയപ്പെടുത്താനായത് റോയല്‍സിന് പ്രതീക്ഷ നല്കുന്നു.
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തില്‍ ഒരിക്കല്‍ കൂടി ജയിച്ചു കയറാനാണ് രാജസ്ഥാന് ലക്ഷ്യം വയ്ക്കുന്നത്. സീസണിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനമാണ് രാജസ്ഥാന് കാഴ്ചവയ്ക്കുന്നത്. ഇതു തന്നെയാണ് അവരുടെ പോരായ്മ. ബാറ്റിങ്ങില്‍ പേരുകേട്ട നിരയുണ്ടെങ്കിലും പേരിനൊത്ത പെരുമ കളിക്കളത്തിലില്ല. വാങ്കഡയില്‍ മുംബൈയെ അടിച്ചു തരിപ്പണമാക്കിയ ബട്ലറില് തന്നെയാണ് റോയല്‍സിന്റെ പ്രതീക്ഷ. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറൊഴികെ മറ്റാര്‍ക്കും കാര്യമായി ടീമിനെ പിന്തുണയ്ക്കാനാവുന്നില്ല. മറുഭാഗത്ത് ഓരോ മത്സരം പിന്നിടുമ്പോഴും ശൗര്യം ഏറിവരുന്ന മുംബൈയെയാണ് കാണാന്‍ കഴിയുന്നത്. ഹോം ഗ്രൗണ്ടിലേറ്റ പരാജയത്തിന് കണക്കു തീര്‍ക്കാന്‍ മുംബൈക്ക് കിട്ടിയ അവസരമാണിത്. ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നിലെത്താനും പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടിവയ്ക്കാനും മുംബൈയും നിലനില്‍പ്പിനായി രാജസ്ഥാനും ഇറങ്ങുമ്പോള്‍ മത്സരം മുറുകുക തന്നെ ചെയ്യും. ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചുരുക്കം ഒന്നോ രണ്ടോ വ്യക്തികളെ ആശ്രയിച്ചല്ല മുംബൈയുടെ ഗെയിം പ്ലാന്‍ എന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ പ്ലസ് മാര്‍ക്ക്. രോഹിതിന്റെ ക്യാപ്റ്റന്‍സിയും ഡികോക്ക് നല്കുന്ന തുടക്കവും പാണ്ഡ്യ സഹോദരന്മാരുടെ ഓള് റൗണ്ടിങ് മികവും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്ന പൊള്ളാര്‍ഡും സ്ഥിരതയോടെ ബോള്‍ ചെയ്യുന്ന ബുംറയും കൂട്ടിന് മലിംഗയും നിര്‍ണായക ഘട്ടങ്ങളില്‍ ബ്രേക്ക് ത്രൂ നല്കുന്ന ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാറും മുംബൈയെ കൂടുതല്‍ ശക്തരാക്കുന്നു. വൈകിട്ട് നാലിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."