HOME
DETAILS

വീണ്ടെടുപ്പിന് വീണ്ടുവിചാരത്തോടെ

  
backup
April 19 2019 | 21:04 PM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളം ഇക്കുറി വിസ്മയം സൃഷ്ടിക്കാന്‍ കാത്തിരിക്കുന്നുവെന്നാണു ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങളില്‍ നിന്നുയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിഗമനങ്ങളെയും മുന്‍വിധികളെയും നിരാകരിക്കുന്ന ഉറച്ചതും സുചിന്തിതവുമായ രാഷ്ട്രീയനിലപാടുകൊണ്ടു സവിശേഷമായിരിക്കും ജനവിധിയെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണു ലഭിക്കുന്നത്.
വലതുപക്ഷ ചായ്‌വുള്ള വ്യക്തികളും ഗ്രൂപ്പുകളും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ധാരാളമാണെങ്കിലും അവരാരും തീവ്ര വലതുപക്ഷ നയങ്ങള്‍ സ്വീകാര്യമായി കാണുന്നവരല്ല. മലയാളികള്‍ ഇതൊരു പ്രത്യേകതയായി കൊണ്ടാടുന്നവരാണ്. തനിക്കോ താന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിനോ ഗുണകരമാണെന്നു കണ്ടാല്‍ ഇടതുപക്ഷ നയമെന്നു വിലയിരുത്തപ്പെടുന്ന സമീപനങ്ങള്‍പോലും ഇക്കൂട്ടര്‍ക്കു സ്വീകാര്യമാണെന്ന പാഠഭേദവും ഇവിടെ കൂടിച്ചേര്‍ത്തു വായിക്കണം.
പൂര്‍വികര്‍ ബോധപൂര്‍വം പണിതുയര്‍ത്തിയ കേരളീയതയുടെ ബലിഷ്ഠമായ ആ തലം തകര്‍ന്നുപോകാതിരിക്കാന്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഇഷ്ടപ്പെടുന്നുവെന്നു സാരം. ജാതിയും മതവും അക്കൂട്ടരുടെ വ്യക്തിജീവിതത്തിലും കുടുംബസാഹചര്യങ്ങളിലും ഗ്രൂപ്പുതാല്‍പര്യങ്ങളിലും ഏറിയും കുറഞ്ഞും പ്രതിഫലിക്കുമെങ്കിലും കൊടിയ ഭേദചിന്തകള്‍ കടന്നുകൂടുന്നത് അവര്‍ വിലമതിക്കുന്നില്ല.
അത്തരമാരു സാമൂഹികാന്തരീക്ഷം ലക്ഷ്യബോധത്തോടെ വളര്‍ത്തിയെടുക്കുന്നതില്‍ സ്വാതന്ത്ര്യസമരത്തിന്റെ തൊട്ടുമുമ്പുള്ള നവോത്ഥാന കാലഘട്ടം കേരളത്തെ പാകപ്പെടുത്തുന്നതില്‍ വിജയിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം നെഹ്‌റുവിയന്‍ ശൈലി പരോക്ഷമായും പ്രത്യക്ഷമായും അനുകരിച്ചു കേരളത്തില്‍ ഉയര്‍ന്നുവന്ന ഗുണപരമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഈ പ്രവണതയെ ശക്തിപ്പെടുത്തുകയും ചെയ്തു.
രണ്ടു മുന്നണികളുടെ നേതൃത്വത്തില്‍ കേരള രാഷ്ട്രീയം പോരാട്ടവീഥികള്‍ രൂപപ്പെടുത്തിയതു രാഷ്ട്രനിര്‍മാണത്തിന്റെ പൊതുവഴിയില്‍ വന്നുചേരുന്ന വേറിട്ടൊരു പുതുവഴിയായി മാറി. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെയൊരു ഫലപ്രദമായ രാഷ്ട്രീയധ്രുവീകരണം സാധിതപ്രായത്തിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസ് ഇതര പുരോഗമനസ്വഭാവമുള്ള രാഷ്ട്രീയസംഘടനകള്‍ പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റ് സംഘടനകള്‍ പരാജയപ്പെട്ടതു തീവ്രവലതുപക്ഷ സംഘടനകള്‍ക്ക് അവസരം ഒരുക്കിയെന്നു പില്‍ക്കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നതു കേരളീയ സമൂഹത്തെ നൊമ്പരപ്പെടുത്തുന്നുവെന്നു കാണാന്‍ കഴിയും.


വിഭവ ലഭ്യതയില്‍ പിന്നില്‍ നില്‍ക്കുന്നുവെങ്കിലും ശക്തമായ സാംസ്‌കാരികാടിത്തറ നമുക്കുള്ളതുകൊണ്ടു വിവേചനം കൂടാതെ എല്ലാ ജനങ്ങള്‍ക്കും എല്ലാ പ്രദേശങ്ങള്‍ക്കും വികസനത്തിന്റെ പങ്കെത്തിക്കുന്നതില്‍ വലിയ അളവില്‍ നാം വിജയിച്ചുവെന്ന് അഭിമാനത്തോടെ എവിടെയും പറയാന്‍ കഴിയും.
വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും സാമൂഹികക്ഷേമ രംഗത്തും സംജാതമായ സൂചികകള്‍ എല്ലാവരും പരസ്യമായി അംഗീകരിക്കുന്നതുമാണ്. ജനപക്ഷ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇരുമുന്നണികളും മത്സരിക്കുന്നത് ഈ പശ്ചാത്തലത്തില്‍ മലയാളി വിലയിരുത്തുന്നു.
സാമൂഹികനീതിയും തുല്യാവസര ലഭ്യതയും സൃഷ്ടിക്കുന്നതില്‍ ഇരു മുന്നണികളും ജനങ്ങളുടെ കോടതിയില്‍ സദാ വിചാരണ ചെയ്യപ്പെടുന്ന സാഹചര്യം ജനങ്ങളുടെ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരവും മാധ്യമങ്ങളുടെ ഇടപെടലുകളും സുസാധ്യമാക്കിത്തീര്‍ക്കുകയും ചെയ്തു.


അതുകൊണ്ടാണ് തീവ്രവലതുപക്ഷ ചിന്തകള്‍ക്കു കേരളത്തില്‍ കാര്യമായ വേരോട്ടം ലഭ്യമാകാതെ പോയത്. ഭ്രാന്തമായ പ്രതിലോമചിന്തകള്‍ ഏതാനും വ്യക്തികളുടെ വ്യാമോഹങ്ങളായി കലാശിച്ചതും മലയാളിയുടെ ഉണര്‍വിന്റെ ഫലമായിരുന്നു. ഒരുമിച്ചു വളരാനും പരസ്പരം സഹകരിക്കാനും മലയാളിയെ നിര്‍ബന്ധിക്കുന്ന സാഹചര്യം കേരളത്തില്‍ വളര്‍ന്നുവരുന്നതില്‍ സാമ്പത്തികവളര്‍ച്ച ഒരു കാരണമായി മാറി. ഭിന്നിപ്പിന്റെ മതിലുകള്‍ പണിയാന്‍ എളുപ്പമല്ലാത്തവിധം സഹകരണത്തിന്റെ വിപുലമായ സാധ്യതകളാണു വളര്‍ന്നുവന്നത്.
ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ വളര്‍ത്തിയെടുക്കുന്ന രാഷ്ട്രീയം കേരളത്തിലെ മുഴുവന്‍ പേര്‍ക്കും നഷ്ടം കൊണ്ടുവരുമെന്ന തിരിച്ചറിവും ഈ ജാഗ്രതയുടെ പിന്നിലെ പ്രധാനഘടകമാണ്. മുന്നണിരാഷ്ട്രീയം വരദാനമായി നമുക്കു നല്‍കിയ ഒരുമ, ഗ്രാമമേത്, നഗരമേതെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം കേരളത്തെ മൊത്തത്തില്‍ ഒരു നഗരമാക്കി മാറ്റുന്നതും ഈ പ്രവണത സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇതുവരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെല്ലാം മലയാളികള്‍ സ്വീകരിച്ചുപോന്ന നിലപാട് ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തു ഗൗരവതരമായി പരിശോധിക്കപ്പെടണം. ദേശീയതാല്‍പര്യങ്ങള്‍ക്കു പ്രഥമപരിഗണന നല്‍കുന്ന മലയാളികളുടെ മനസ്സാണു ജനവിധിയില്‍ പ്രതിഫലിച്ചു കാണുന്നത്. ദേശീയോദ്ഗ്രഥനവും ജനങ്ങളുടെ സഹവര്‍ത്തിത്വവും പ്രാദേശികമായ അസന്തുലിതാവസ്ഥയില്ലാത്ത വികസനവുമാണു മലയാളി ആഗ്രഹിക്കുന്നതെന്നു മൊത്തത്തില്‍ വിലയിരുത്താന്‍ കഴിയും.
ഒറ്റക്കക്ഷി ഭരണത്തേക്കാള്‍ പുരോഗമനസ്വഭാവമുള്ള മുന്നണിഭരണം, മലയാളി സ്വന്തം നാട്ടില്‍ പരീക്ഷിച്ചു വിജയിച്ചതിന്റെ അടിസ്ഥാനത്തിലാവാം സ്വാഗതം ചെയ്യാന്‍ തിടുക്കം കാട്ടുന്നുവെന്നു മാത്രം. അക്കാരണം കൊണ്ടാണ് ഇക്കുറി ഐക്യജനാധിപത്യമുന്നണിക്ക് അനുകൂലമായ ജനവിധി കേരളത്തെ ശ്രദ്ധേയമാക്കുമെന്നു രാഷ്ട്രീയ പഠനകേന്ദ്രങ്ങള്‍ ആവര്‍ത്തിച്ചു സൂചിപ്പിക്കുന്നത്.


ഗൗരി ലങ്കേശ് അടക്കമുള്ള സാംസ്‌കാരികനായകന്മാരുടെ കൊലപാതകം മലയാളിയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നുവെന്നാണു സര്‍വേകള്‍ വ്യക്തമാക്കുന്നത്.
ആദ്യമൊക്കെ കൃഷ്ണയ്യരെയും സുകുമാര്‍ അഴീക്കോടിനെയും എം.എന്‍ വിജയനെയും ബാബു പോളിനെയും പില്‍ക്കാലത്ത് പി. പരമേശ്വരനെയും എം.കെ സാനു മാഷ്, സമദാനി, രാജന്‍ ഗുരുക്കള്‍, സുനില്‍ പി. ഇളയിടം, കെ.എന്‍.എ ഖാദര്‍ എന്നിവരെയും കേള്‍ക്കാന്‍ പോകുന്ന മലയാളികള്‍ ഈ കൊലപാതകങ്ങളെ കൊടും അശ്ശീലതയായാണു കാണുന്നത്. അതിന് പകരം ചോദിക്കാനുള്ള അവസരമെന്ന നിലയ്ക്ക് ഈ തെരഞ്ഞെടുപ്പിനെ അവര്‍ വിലയിരുത്തുന്നു.


ഇന്ത്യയില്‍ ജനായത്തം വഴിമുട്ടാതിരിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയാവാന്‍ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്നാണു മലയാളി കൊതിക്കുന്നത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനൊരവസരം തരണമെന്ന കോണ്‍ഗ്രസ് പ്രമേയം മലയാളിയെ സ്വാധീനിക്കുന്നുണ്ട്. നെഹ്‌റുവിയന്‍ ശൈലിയില്‍ നിന്നു ശക്തിയാര്‍ജിച്ചു മുന്നോട്ടുപോവുകയല്ലാതെ നെഹ്‌റുവിന്‍ ശൈലി പാടെ ഉപേക്ഷിക്കാനുള്ള സംഘ്പരിവാര്‍ നീക്കം മലയാളിയെ അസ്വസ്ഥമാക്കുന്നുവെന്നര്‍ഥം.


കേരളത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ മലയാളിക്ക് അസ്വീകാര്യമായത് അക്കാരണത്താലാണ്. ദേശീയതലത്തില്‍ തീവ്രവലതുപക്ഷ നിലപാടുകളെ എതിര്‍ക്കുന്നതില്‍ ഒരു കുതിപ്പുതന്നെ നടത്തുന്ന കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കക്ഷി ബന്ധങ്ങള്‍ക്കുപരിയായി സമാനമായി ചിന്തിക്കുന്ന ജനങ്ങളുടെ ഇടയില്‍ ഈ ദിശയില്‍ പുനരണി ചേരല്‍ നടന്നു കഴിഞ്ഞു. രാഷ്ട്രീയ ശാക്തികച്ചേരികളും കാലക്രമേണ ഈ സരണിയില്‍ അഴിച്ചുപണി നടത്താന്‍ നിര്‍ബന്ധിതരാകുമെന്നു കരുതാം.


മലയാളികള്‍ നെഞ്ചേറ്റുന്ന വിശാലമായ ദേശീയവിഷയങ്ങള്‍ക്കൊപ്പം ഗുരുതരമായ ചില കേരളീയമാനങ്ങള്‍ കൂടി ഈ തെരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കും.
(1) കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ ഫലശൂന്യമായ പ്രകടനം.
(2) സി.പി.എം അഴിച്ച് വിടുന്ന കൊലപാതകങ്ങള്‍.


(3) പ്രളയകാലത്ത് അണക്കെട്ടുകളുടെ നടത്തിപ്പു സംബന്ധിച്ചു കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ സമീപനം പരക്കെ വിമര്‍ശിക്കപ്പെട്ടു.
(4) വകുപ്പുകള്‍ക്ക് കാര്യം വിട്ടു കൊടുക്കുകയും സര്‍ക്കാര്‍ തലത്തില്‍ ഏകോപനം നടത്താതിരിക്കുകയും ചെയ്തതിലെ പരാജയം മാപ്പര്‍ഹിക്കുന്നില്ല. ആലുവയും പരിസരവും വെള്ളത്തില്‍ മുങ്ങി വീര്‍പ്പു മുട്ടിയിട്ടും ഒരു മുന്നറിയിപ്പായി കരുതി നടപടി സ്വീകരിക്കാതിരുന്ന സര്‍ക്കാരിന്റെ വീഴ്ച കേരളത്തെ തകര്‍ത്തെറിയുകയാണു ചെയ്തത്.
(5) പ്രളയാനന്തര നടപടികളിലും സര്‍ക്കാര്‍ പ്രകടനം വേണ്ടത്ര ആശ്വാസ്യമായില്ലെന്നു ജനങ്ങള്‍ ഉറച്ചു കരുതുന്നു.
(6) ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച വീഴ്ചകള്‍ അക്ഷന്തവ്യമായ അപരാധമാണ്.
(7) സുപ്രിം കോടതി വിധിയെ തുടര്‍ന്നു സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കേരളത്തിലെ ഹൈന്ദവമത വിശ്വാസികളെ പ്രത്യേകിച്ചും മലയാളികളെ പൊതുവിലും അതൃപ്തരാക്കിയെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ സംഘ്പരിവാര്‍ ദുരപദിഷ്ടമായ ഇരട്ട നിലപാടു സ്വീകരിച്ച സാഹചര്യത്തില്‍ കേരളസര്‍ക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെന്നതു മലയാളികളെ ഒന്നടങ്കം ആശങ്കയിലാക്കിയതു കാണാം.


സംഘ്പരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തിനു പുറത്തുള്ള വനിതാ അഭിഭാഷകരാണ് ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം വേണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതെന്ന വസ്തുതയുടെ ഗൗരവം സര്‍ക്കാര്‍ അവഗണിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാടിന്റെ സാരം.
(8) കോണ്‍ഗ്രസാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കു ദിശ കാണിക്കാന്‍ മുന്നോട്ടു വന്നത്.
(9) ഹൈന്ദവ വിശ്വാസികളുടെ ശബരിമല വിഷയത്തിലെ നിലപാടു കോണ്‍ഗ്രസ് സ്വന്തം വിഷയമാക്കിയെടുത്തു. ആചാരങ്ങള്‍ മാറ്റാനാവില്ലെന്ന എന്‍.എസ്.എസ് അടക്കമുള്ള ബന്ധപ്പെട്ടവരുടെ നിലപാടിനു കോണ്‍ഗ്രസ് തുറന്ന പിന്തുണ നല്‍കുക വഴി ബി.ജെ.പിയുടെ വഴിയടഞ്ഞു. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു ബി.ജെ.പി ശ്രമമെന്നു ജനങ്ങള്‍ക്കു വ്യക്തമായി.


സംഘ്പരിവാറിനു ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ പോയതു കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു. സാധാരണഗതിയില്‍ ഇത്തരം വിഷയങ്ങളില്‍ പരസ്യമായി ഇടപെടാത്ത കോണ്‍ഗ്രസ് കേരളത്തെ അതിന്റെ മഹിത പാരമ്പര്യം സംരക്ഷിക്കാന്‍ വഴി തുറക്കുകയാണു ചെയ്തത്.
(10) സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി കൊടുക്കാനുള്ള കോണ്‍ഗ്രസിന്റെ അപേക്ഷ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഈ പേരില്‍ നടന്ന അനാശാസ്യമായ ധാരാളം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.
(11) വിധി നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്നു വാദിക്കാനുള്ള മതിയായ രണ്ടു കാരണങ്ങളുണ്ടായിട്ടും കേരള സര്‍ക്കാര്‍ താല്‍പര്യമെടുക്കാതിരുന്നതിലെ ദുരൂഹത വിമര്‍ശന വിധേയമായത് ഈ സാഹചര്യത്തിലാണ്.


(12) ബി.ജെ.പിക്കാര്‍ സന്നിധാനവും പരിസരവും സമരവേദിയാക്കി മാറ്റിയതു കേരളത്തിലെ ഹൈന്ദവജനത പൊറുക്കുകയില്ലെന്നു കേരള സര്‍ക്കാര്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന പോലും മാനിക്കപ്പെട്ടിട്ടില്ല.


(13) ബി.ജെ.പിക്കാര്‍ സന്നിധാനവും പരിസരവും സമരവേദിയാക്കി മാറ്റിയതും അവര്‍ അവിടെ നടത്തിയ അഴിഞ്ഞാട്ടവും ജനങ്ങളുടെ രോഷത്തിനിടയായത് കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്.


(14) ആലോചനയില്ലാതെ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കമാണു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.
(15) ആക്ടിവിസ്റ്റുകളെ പൊലിസ് സംരക്ഷണത്തില്‍ സന്നിധാനത്തേയ്ക്ക് ആനയിക്കുന്ന പ്രഹസന നാടകം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
(16) ദുരഭിമാനം കൊണ്ടു മാത്രമാണു സാവകാശം ചോദിക്കുന്ന ഹരജിയോ പുനഃപരിശോധന ഹരജിയോ കൊടുക്കാന്‍ സര്‍ക്കാരിനെ തടസ്സപ്പെടുത്തിയത്.
(17) നിയമവശം കൂടാതെ ഭരണപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു വിധി നടപ്പാക്കുന്നതിനു സുപ്രിംകോടതിയോട് സര്‍ക്കാര്‍ സമയം ചോദിക്കണമായിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്നു ശബരിമലയിലും പരിസരത്തും പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാന്‍ പോലും പ്രളയം കഴിഞ്ഞ ഉടനെ മാസാദ്യ പൂജയ്ക്കായും തുടര്‍ന്നു വരുന്ന മണ്ഡലപൂജയ്ക്കുമായി എത്തിച്ചേരുന്ന ലക്ഷക്കണക്കിനു ഭക്തര്‍ക്ക് മതിയായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം സര്‍ക്കാരിനു ലഭിച്ചില്ലെന്നതു സാവകാശം ചോദിക്കാന്‍ സഹായകമായ കാരണങ്ങളിലൊന്നായിരുന്നു. സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെങ്കില്‍ വേറെയും അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട് താനും.
ന്യായമായ ഈ രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിധി നടപ്പിലാക്കുന്നതിനു കുറച്ചു സമയം കൂടി അനുവദിക്കണമെന്നു സുപ്രിംകോടതിയോടു സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതു കേവലമായ ഉത്തരവാദിത്വമായിരുന്നു. അത് അവര്‍ നിര്‍വഹിക്കാതിരുന്നതു മാപ്പര്‍ഹിക്കുന്നില്ല.
ഈ സാഹചര്യത്തിലാണു കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി തീര്‍പ്പു കല്‍പ്പിക്കുമെന്നു രാഷ്ട്രീയകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

(മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി സെക്രട്ടറിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  20 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  26 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago