സ്ത്രീവിരുദ്ധ കലയുടെ പൊലിമകള്‍
മഹാന്മാരായ കലാകാരന്മാരുടെ രചനകളെ കൗതുകകരമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് കലാചരിത്രകാരന്മാര്‍ ഒരു ഗവേഷണം പോലെ അനുഷ്ഠിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഓരോ കലാരചനകളിലും അന്തര്‍ഭവിച്ചിട്ടുളള നിഗൂഢതകളെ അനാവരണം ചെയ്യുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് അക്കൂട്ടര്‍ നിര്‍വഹിക്കുന്നത്. ഒരാളുടെ കണ്ടെത്തലുകള്‍ അതെത്രതന്നെ ഉദാത്തമായിരുന്നാലും അവയെ നിഷ്‌ക്കരുണം ഖണ്ഡിക്കുന്ന വാദമുഖങ്ങളുമായി മറ്റൊരാള്‍ വരില്ലെന്ന് ഉറപ്പിക്കാനാവില്ല. കലാസൃഷ്ടികളില്‍ അനുവാചകര്‍ നടത്തുന്ന ഇടപെടലുകള്‍ അതിന്റെ സൗന്ദര്യശാസ്ത്രപരമായ അപരവല്‍ക്കരണം കൂടി സാധ്യമാക്കുന്നുണ്ട്. നിയതമായ ഒരു ധ്വനിയില്‍ മാത്രം സംശ്ലേഷണം നടത്തുന്നതല്ല കലാരചനകളൊന്നും തന്നെ. അവ നിരവധിയായ ലാവണ്യകല്‍പ്പനകളെ ആധാരമാക്കിയുളള വായനയുടെ വാതായനങ്ങളാണ് ആസ്വാദകനുമുന്നില്‍ തുറന്നിടുന്നത്.
പ്രമുഖ ചിത്രകാരനും ശില്‍പിയുമായിരുന്ന മാര്‍സല്‍ ദുഷാമ്പിന്റ പ്രശസ്തമായ ശില്‍പം ഫൗണ്ടന്‍ ലൈംഗികതയുടെ അടയാളമാണെന്ന് ചില കലാ വിമര്‍ശകര്‍ കണ്ടെത്തുന്നു. മൂത്രപ്പുരകളില്‍ മൂത്രവിസര്‍ജനത്തിനുപയോഗിക്കുന്ന തൊട്ടി കീഴ്‌മേല്‍ മറിച്ച് വച്ചുണ്ടാക്കിയ ആ ശില്‍പം നിര്‍മിച്ചകാലം മുതല്‍ പലതരം വിമര്‍ശനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായിരുന്നു. ക്യൂബിസം മുതല്‍ പോസ്റ്റ് ഇംപ്രഷണിസം വരെയുളള ലാവണ്യ സങ്കേതങ്ങളെ മാനകങ്ങളാക്കി പല രീതിയിലും ശൈലിയിലും ആ രചന വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്. നമ്മുടെ കപട സദാചാര വാദത്തിന്റെ കടയ്ക്കല്‍ കത്തിവച്ചിരിക്കുകയാണ് ദുഷാമ്പെന്ന് അന്നേ കലാവിമര്‍ശകര്‍ വാദിച്ചിരുന്നു.
ഫൗണ്ടനും തെറിച്ച ചിന്തകളും
ഈയടുത്ത കാലത്ത് വാള്‍ഡമര്‍ യാനുസ്സ്‌സേക് എന്ന കലാവിമര്‍ശകന്‍ ഫൗണ്ടനെക്കുറിച്ച് ചില പുതിയ നിരീക്ഷണങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്. ഫിലഡാല്‍ഫിയ മ്യൂസിയം ഓഫ് ആര്‍ട്‌സില്‍ നടന്ന, കയ്യെഴുത്തുകള്‍, ഫാക്‌സ് സന്ദേശങ്ങള്‍, രേഖാചിത്രങ്ങള്‍ തുടങ്ങിയവയുടെ 'ദി ബോക്‌സ് 1914' എന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്ന ദുഷാമ്പിന്റെ ഒരു കയ്യെഴുത്ത് പ്രതി വായിക്കാനിടയായതാണ് വാള്‍ഡമറിന് പുതിയ വെളിപാടിന് കാരണമായത്. ഫൗണ്ടനെക്കുറിച്ചുളള ആ കുറിപ്പില്‍ ''ഒരു സ്ത്രീക്ക് ഒരു പൊതുശൗചാലയം മാത്രമേ ഉപയാഗിക്കാനുളളൂവെങ്കില്‍ അവര്‍ അതുകൊണ്ട് ജീവിക്കു''മെന്ന ദുഷാമ്പിന്റെ നിരീക്ഷണത്തെ വിശകലനം ചെയ്യുകയായിരുന്നു വാള്‍ഡമര്‍. പൊതുശൗചാലയങ്ങളെക്കുറിച്ചുളള ദുഷാമ്പിന്റെ പ്രസിദ്ധീകൃതമായ ഏക പ്രസ്താവനയാണ് കടുത്ത വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനുവേണ്ടി കലയിലെ നിഗൂഢതകള്‍ എന്ന പേരിലൊരു പരമ്പര തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് വാള്‍ഡമര്‍.
ആ പരമ്പരയിലെ പോസ്റ്റ് ഇംപ്രഷണിസ്റ്റ് കാലത്തെക്കുറിക്കുന്ന ആദ്യഗണത്തിന്റെ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ്. ഈ പരമ്പരയിലാണ് ദുഷാമ്പിന്റെ ഫൗണ്ടനെക്കുറിക്കുന്ന അന്വേഷണവും ഉള്‍പ്പെടുന്നത്. ഈ ചലച്ചിത്രങ്ങളില്‍ കലാകാരന്മാരുടെ ജീവിതങ്ങളിലൂടെ വാള്‍ഡമര്‍ കടന്ന് പോകുന്നതോടൊപ്പം അവര്‍ എവിടെ നിന്ന് വന്നു, എന്ത് സംസ്‌കാരത്തില്‍ വളര്‍ന്നു തുടങ്ങിയ കാര്യങ്ങള്‍, അവരുടെ ജന്മദേശങ്ങളിലൂടെയുളള യാത്രാനുഭവങ്ങള്‍, അവരുടെ മുന്‍കാല രചനകള്‍, ഇപ്പോഴത്തെ അവരുടെ അന്വേഷണദിശ, അവരുടെ വലിയ രചനകള്‍ എന്നിങ്ങനെ സൂക്ഷ്മ തലത്തിലുളള അന്വേഷണമാണ് ചിത്രീകരിക്കുന്നത്.
ദുഷാമ്പിനെക്കുറിച്ചുളള ഈ പഠനത്തിനിടയില്‍ ജീവിതത്തില്‍ അദ്ദേഹം വച്ചു പുലര്‍ത്തിയ സ്ത്രീവിരുദ്ധത സുവ്യക്തമായി തിരിച്ചറിയാനാവും. അതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് വാള്‍ഡമര്‍ കണക്ക് കൂട്ടുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജനിച്ച ദുഷാമ്പിന് അങ്ങനെയേ ചിന്തിക്കാനാവൂവത്രെ. കാരണം അക്കാലത്തെ ഫ്രാന്‍സ് അത്രമാത്രം അനിഷേധ്യമാംവണ്ണം സ്ത്രീവിരുദ്ധത പ്രകടിപ്പിച്ചിരുന്നു. (സിമോണ്‍ ദെ ബുവ്വയെ ഓര്‍ക്കുക). ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ കടുത്ത സ്ത്രീവിരുദ്ധത പലപ്പോഴും ദുഷാമ്പിന്റെ സംഭാഷണങ്ങളിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ചിത്രകാരനുമായ സാല്‍വദോര്‍ ദാലി അഭിപ്രായപ്പെട്ടിട്ടുണ്ട്.
എറ്റന്റ് ഡോണസും
അശ്ലീലതയും
താന്‍ ഇരുപത്തിയഞ്ച് കൊല്ലം കളിച്ചുകൊണ്ടിരുന്ന ചെസ്സ് മത്സരങ്ങളില്‍ സജീവമാകുന്നതിന് വേണ്ടി ചിത്രരചനയോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ദുഷാമ്പ് ചെയ്ത അവസാനത്തെ ചിത്രമായ 'എറ്റന്റ് ഡോണസ്' സ്ത്രീവിരുദ്ധമായ ഒരു മനസിന്റെ സൃഷ്ടിയാണെന്ന് വാള്‍ഡമര്‍ കരുതുന്നു. അടച്ചിട്ട പഴയ തുളവീണ മരവാതിലിന്റെ ദ്വാരത്തിലൂടെ അപ്പുറത്ത് പൊളിഞ്ഞ മതിലിനപ്പുറം പുല്ലില്‍ മലര്‍ന്നു വീണുകിടക്കുന്ന സ്ത്രീയുടെ നഗ്‌നരൂപമാണ് ചിത്രത്തിലെ ആലേഖ്യ വിഷയം. വാതിലിന്റെ തുളയിലൂടെ ഈ ദൃശ്യം കാണാനാവുന്ന രീതിയിലുള്ള ഒരു പ്രതിഷ്ഠാപനമാണിത്. ഒരു കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച കത്തുന്ന വിളക്ക് കാണാം. എന്നാല്‍ അവരുടെ മുഖം അല്‍പ്പമേ കാണാനാവൂ. വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞ് നോക്കി മാത്രം കാണാവുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ ഈ പ്രതിഷ്ഠാപനം നമ്മുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു അസംസ്‌കൃത മനസിനെ വെളിപ്പെടുത്തുന്നു. സാമൂഹിക മാധ്യമങ്ങളുടെ പുതിയ കാലത്ത് ഛായാഗ്രാഹികള്‍ കൈവെള്ളയില്‍ ഒളിപ്പിച്ചുവച്ച് അന്യന്റെ നിശ്ശൂന്യതയിലേയ്ക്ക് ഒളിച്ചു നോക്കാന്‍ സൗകര്യമുള്ളപ്പോള്‍ മനുഷ്യര്‍ കൂടുതല്‍ അപരിഷ്‌കൃതിയിലേക്ക് ചേക്കേറുകയാണ്. വാതില്‍പ്പഴുതിലൂടെ ദുഷാമ്പ് നമ്മെ കാണിക്കുന്നത് ഒരു സ്വകാര്യതയാണ്. കാലുകള്‍ വിടര്‍ത്തി വച്ച് അലസമായി കിടക്കുന്ന അവരുടെ രോമരഹിതമായ ഗുഹ്യഭാഗം അശ്ലീലതയുടെ കാഴ്ചയെയാണ് അനുവാചകന് നല്‍കുന്നതെന്ന് വാള്‍ഡമര്‍ കരുതുന്നു.
എതിര്‍പ്പുകള്‍
ഒടുങ്ങുന്നതിങ്ങനെ
എന്നാല്‍ ഈ ചിത്രം അത്ര ആകസ്മികമല്ലെന്നുകൂടി അദ്ദേഹം മനസിലാക്കുന്നു. ഇതിനേക്കാള്‍ സ്‌തോഭജനകമാം വിധം സ്ത്രീവിദ്വേഷം പ്രകടിപ്പിക്കുന്ന നിലവാരമില്ലാത്ത കാര്‍ട്ടൂണുകള്‍ അദ്ദേഹം തന്റെ തുടക്കകാലത്ത് പാരീസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആക്ഷേപഹാസ്യ മാസികകളില്‍ വരച്ചിരുന്നു. ഫെമിനിസം എന്നപേരിലുളള കാര്‍ട്ടൂണില്‍ ആധുനിക രീതിയില്‍ വസ്ത്രധാരണം ചെയ്ത ഒരു വനിത കയ്യില്‍ ഒരു വാനിറ്റി ബാഗുമായി പ്രദോഷസവാരിക്ക് ഇറങ്ങിയിരിക്കുന്നതും അവരുടെ പശ്ചാത്തലത്തിലുളള ചുമരില്‍ സ്ത്രീയുടെ ഗുഹ്യഭാഗം വൃത്തിയാക്കാനുള്ള ശൗചലായനിയുടെ പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നതുമായി ദുഷാമ്പ് വരച്ചിരുന്നു. തന്റെ സ്ത്രീവിരുദ്ധതയുടെ ഉത്തമ അടയാളമാണ് ഈ കാര്‍ട്ടൂണ്‍ എന്ന് അക്കാലത്ത് തന്നെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നതായി വാള്‍ഡമര്‍ കണ്ടെത്തുന്നു. സമാനമായ കാര്‍ട്ടൂണുകള്‍ അക്കാലത്ത് വേറെയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഒരു വനിതാ ടാക്‌സി ഡ്രൈവറെ ഒരു വേശ്യയായിക്കൂടി ചിത്രീകരിക്കുന്ന പ്രസ്തുത കാര്‍ട്ടൂണും സ്ത്രീവിരുദ്ധമായ മനസിനുടമയാണ് ദുഷാമ്പെന്ന ദുഷ്‌പ്പേരു കേള്‍പ്പിച്ചിരുന്നു. പക്ഷെ അവയെല്ലാം മൃഗീയതേക്കാള്‍ കൂടുതല്‍ പരിഹാസ്യതയാണ്, അക്രമോത്സുകതയേക്കാള്‍ കൂടുതല്‍ അപക്വതയാണ്, എങ്കിലും അത് സ്ത്രീവിരുദ്ധമാണ്.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവുമധികം വാഴ്ത്തപ്പെട്ട പ്രതിഷ്ഠാപനമായി കലാലോകം അംഗീകരിക്കുന്ന ദുഷാമ്പിന്റെ ഫൗണ്ടന്‍ ഒരു സ്ത്രീയോനിയുടെ പ്രതീകമാണെന്നു അക്കാലത്ത് തന്നെ ആരോപിക്കപ്പെട്ടിരുന്നു. കപട സദാചാരത്തിനെതിരെയുളള തന്റെ നിലപാടാണ് ഈ പ്രതിഷ്ഠാപനമെന്ന് ദുഷാമ്പ് ചില പത്രക്കാരോട് പറഞ്ഞിരുന്നെങ്കിലും അതിലപ്പുറം അത് സ്ത്രീയുടെ അന്തസ്സിന് ഗ്ലാനി വരുത്തിയ ഒരു സൃഷ്ടിയാണെന്ന് എക്കാലത്തും സ്ത്രീസമത്വവാദികള്‍ ആക്ഷേപിച്ചിരുന്നു. പുരുഷന്‍ മൂത്രവിസര്‍ജനത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ് സ്ത്രീയോനിയെന്ന സങ്കല്‍പം അറു പിന്തിരിപ്പനാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്തൊക്കെ പുകിലുകള്‍ ഉയര്‍ന്നു വന്നാലും പുരുഷകേന്ദ്രിതമായ നമ്മുടെ സമൂഹം ജ്ഞാനസിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ നിരവധി വാദമുഖങ്ങളുയര്‍ത്തിക്കൊണ്ട് വന്ന് അതിനെതിരായ മുഴുവന്‍ ഭാഷണങ്ങളേയും എതിര്‍ത്ത് തോല്‍പ്പിക്കും. അതിന് എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ സുലഭമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."