പതിനെട്ടടവും പയറ്റി എല്‍.ഡി.എഫും യു.ഡി.എഫും
മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും കടുത്ത മത്സരത്തിനാണ് കൊല്ലം സാക്ഷിയാകുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ കാണാത്ത വീറും വാശിയുമാണ് കൊല്ലത്തേത്
കൊല്ലം: കൊട്ടിക്കലാശത്തിന് രണ്ടു ദിവസംമാത്രം ബാക്കിനില്‍ക്കേ വിജയിക്കാന്‍ പതിനെട്ടടവും പയറ്റി എല്‍.ഡി.എഫും യു.ഡി.എഫും. വോട്ടിന് പകരം പണവും വോട്ടുകച്ചവടവും അടക്കമുള്ള ആരോപണങ്ങള്‍ പുറത്തെടുത്ത് പരമാവധി മൂര്‍ച്ച കൂട്ടുകയാണ് ഇരുപക്ഷവും. ആദ്യം ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ എല്‍.ഡി.എഫിനെതിരേ തുറന്നുവിട്ട വോട്ടിന് പകരം നോട്ട് ആരോപണം ജില്ലാ യു.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിക്കുകയും ഒടുവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുകയും ചെയ്തു.
പണം കൊടുക്കേണ്ടവരുടെ പട്ടിക സി.പി.എം തയാറാക്കി കോഴിക്കോടുള്ള ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണം ഉമ്മന്‍ ചാണ്ടിയും ഉയര്‍ത്തിയതോടെ വിവാദം സംസ്ഥാനതലത്തിലേക്കും വ്യാപിച്ചുകഴിഞ്ഞു. പരാതിയില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകുന്നില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.
കൊല്ലത്തെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ധനമന്ത്രി ഡോ.തോമസ് ഐസകാണ് യു.ഡി.എഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തുള്ളത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തെളിയിക്കാന്‍ യു.ഡി.എഫിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ത്തന്നെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സി.പി.എം സംസ്ഥാന നേതാക്കള്‍ സംഘിയാരോപണം ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മെല്ലപ്പോക്കിനിടെ ബി.ജെ.പി ജില്ലാ നേതൃത്വത്തിനെതിരേ കഴിഞ്ഞദിവസം യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രശാന്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തുവന്നതും വിവാദത്തിന് കാരണമായി.
ബി.ജെ.പിയിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് ആരോപണം പരിശോധിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് അടിയന്തര യോഗം വിളിച്ചെങ്കിലും ഒരു വിഭാഗം ബഹിഷ്‌കരിക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന പി.എം വേലായുധന് ലഭിച്ചത് 58,671 വോട്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍.കെ പ്രമേചന്ദ്രന്റെ ഭൂരിപക്ഷം 37,649 വോട്ടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വിഹിതം 1,30,672 ആക്കി ഉയര്‍ത്തിയപ്പോള്‍ ചാത്തന്നൂരില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി രണ്ടാമത് എത്തുകയും ചെയ്തു.
സംസ്ഥാനത്ത് ആദ്യമായി യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച കൊല്ലത്ത് പ്രചാരണത്തിന് തുടക്കംകുറിച്ചത് പ്രേമചന്ദ്രനായിരുന്നു. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ ഇടതുമുന്നണി തൂത്തുവാരിയതാണ് ഇടതുമുന്നണിയുടെ വിജയപ്രതീക്ഷക്ക് കാരണം. യു.ഡി.എഫ് ആകട്ടെ പ്രേമചന്ദ്രന്റെ സ്വീകാര്യതയാണ് വോട്ടാക്കിമാറ്റാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിക്കാതെ പ്രേമചന്ദ്രനെ മാത്രമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നത്. ഇന്നലെ തോമസ് ഐസക് നടത്തിയ വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസ് നേതാക്കളല്ല മറിച്ച് പ്രേമചന്ദ്രനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുകയായിരുന്നു.
ഇതിനിടെ, മുന്‍നിര നേതാക്കള്‍ക്ക് പിന്നാലെ ആരോപണങ്ങളും മറുപടികളും പ്രതിരോധവുമായി താഴെത്തട്ടിലും എല്‍.എഡി.എഫ്-യു.ഡി.എഫ് മുഖാമുഖം എത്തിക്കഴിഞ്ഞു. മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും കടുത്ത മത്സരത്തിനാണ് കൊല്ലം സാക്ഷിയാകുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ കാണാത്ത വീറും വാശിയുമാണ് കൊല്ലത്തേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."