ഒഞ്ചിയത്ത് അശാന്തി; ആര്‍.എം.പി.ഐ ഓഫിസിനു നേരെ അക്രമം
വടകര: ആര്‍.എം.പി.ഐ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ അക്രമം. ഇന്നലെ രാവിലെയാണ് ഓഫിസ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. പൂട്ടുപൊളിച്ച് അകത്തുകയറിയ അക്രമി സംഘം ഓഫിസിനുള്ളിലുണ്ടായിരുന്ന ടി.വിയും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ബോര്‍ഡുകളും കേടുവരുത്തിയിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എം.പി.ഐ ആരോപിച്ചു. ചോമ്പാല പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ഒഞ്ചിയം ഏരിയയില്‍ ആര്‍.എം.പി.ഐയുടെ ഓഫിസുകള്‍ക്കും പ്രചാരണ വസ്തുക്കള്‍ക്കും നേരെ നിരന്തരം അക്രമം നടക്കുകയാണ്. ആര്‍.എം.പി.ഐ ചോറോട് ലോക്കല്‍ കമ്മിറ്റി ഓഫിസ് രണ്ടുതവണ അക്രമിക്കപ്പെട്ടു. ഒഞ്ചിയം ഏരിയയില്‍ നാലു പഞ്ചായത്തുകളിലായി സ്ഥാപിച്ച ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ ദിനത്തിന്റെ ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഇന്നലെ ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എമ്മും ആര്‍.എം.പിഐയും അനുസ്മരണ പരിപാടികള്‍ നടത്തുന്നുണ്ട്.
സി.പി.എം നടത്തുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പങ്കെടുക്കുന്നത്. ആര്‍.എം.പി.ഐയുടേതില്‍ തമിഴ്‌നാട് സെക്രട്ടറി ഗംഗാധറും. രണ്ടു പരിപാടികളും മെയ് നാലിലെ ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണവും കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒഞ്ചിയം ഏരിയയിലും വടകര മേഖലയിലുമുള്ളത്. അഞ്ഞൂറിലേറെ സായുധ സേനയെ പ്രദേശത്ത് വിന്യസിക്കുകയും ഉള്‍നാടുകളിലടക്കം പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടും പ്രദേശത്തെ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിന് സമീപത്താണ് അക്രമിക്കപ്പെട്ട ആര്‍.എം.പി.ഐയുടെ ലോക്കല്‍ കമ്മിറ്റി ഓഫിസ്. സമീപപ്രദേശത്തുള്ള മുഴുവന്‍ ആര്‍.എം.പി.ഐ ബോര്‍ഡുകളും നശിപ്പിച്ചവയില്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."