പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കൊലപാതകം: 11 പേര്‍ അറസ്റ്റില്‍
മംഗളൂരു: കേരള - കര്‍ണാടക അതിര്‍ത്തി പ്രദേശമായ കറവപ്പാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീലിനെ ഓഫിസിനകത്ത് കയറി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പേരെ വിട്ട്‌ല പൊലിസ് അറസ്റ്റു ചെയ്തു.
പുത്തൂര്‍ മാണിയിലെ രാജേഷ് നായ്ക്, നരസിംഹ ഷെട്ടി, ബേലന്തൂരിലെ പ്രജ്‌വാള്‍, സവനൂരിലെ പുഷ്പരാജ്, സച്ചിന്‍, പുനീത്, കന്യാനയിലെ റോഷന്‍, വചന്‍, സതീഷ് റൈ, വീരകമ്പയിലെ കേശവ, കൃഷ്ണപുരയിലെ പ്രശാന്ത് എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. എസ്.പി.ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊലിസ് അറസ്റ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രതികള്‍ കൊലനടത്താന്‍ ഉപയോഗിച്ച ബൈക്കുകളും, രണ്ട് വടിവാള്‍, ഒരു ഓമ്‌നി വാന്‍ എന്നിവ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. പിടിയിലായ രാജേഷ് നായ്കും, നരസിംഹ ഷെട്ടിയുമാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍മാരെന്ന് പൊലിസ് പറഞ്ഞു. നരസിഹ ഷെട്ടി നിലവില്‍ രണ്ട് കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ സംഘത്തില്‍പെട്ട പ്രതികളായ രാജേഷ് നായ്ക്കിനും, സതീഷ് റൈക്കുമെതിരേ വിട്ട്‌ള പൊലിസ് സ്‌റ്റേഷനില്‍ നാല് കേസുകള്‍ വീതം നിലവിലുണ്ട്.
കറവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ ജലീലിനോടുള്ള മുന്‍ വിരോധമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. 2016 ഡിസംബറില്‍ രാജേഷ് നായ്കിനെയും, സുഹൃത്തുക്കളെയും കറവപ്പാടിയില്‍ വച്ച് മറ്റൊരു സംഘം അക്രമിച്ചിരുന്നു.
അന്ന് അക്രമി സംഘത്തെ ജലീല്‍ പിന്തുണച്ചതായി കൊലയാളി സംഘം സംശയിച്ചതോടെ ജലീലിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചതായാണ് പൊലിസ് നല്‍കുന്ന സൂചന.
ഇതിനു പുറമേ മറ്റു ചില സംഭവങ്ങളില്‍ ജലീല്‍ സ്വീകരിച്ച നിലപാടുകളും പ്രതികളില്‍ വിദ്വേഷം ഉണ്ടാക്കിയതായും പൊലിസ് പറഞ്ഞു. അധോലോക സംഘാംഗം വിക്കി ഷെട്ടിയാണ് കൊലയ്ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ഇവര്‍ക്ക് നല്‍കിയതെന്നാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ മാസം 20നാണ് ബൈക്കിലെത്തിയ മുഖംമൂടി സംഘം പട്ടാപ്പകല്‍ പഞ്ചായത്ത് ഓഫിസിനകത്ത് കയറി ജലീലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പ്രതികളെ പിടികൂടുന്നതില്‍ പൊലിസ് അനാസ്ഥ കാണിക്കുകയാണെന്നാരോപിച്ച് അബ്ദുല്‍ ജലീലിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങിയ കര്‍ണാടക മന്ത്രി രാമാനാഥ റൈയെ ജനക്കൂട്ടം തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."