ചീഫ് ജസ്റ്റിസിനെതിരായ പരാതി നല്‍കിയത് 35കാരി: വ്യക്തമാകുന്നത് ജുഡീഷ്യറി അപകടത്തിലാണെന്നതിന്റെ സൂചന
ന്യൂദല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണ പരാതി ഉയര്‍ത്തിയ ഒരു ജൂനിയര്‍ അസിസ്റ്റന്റിനു മാത്രം ഇതുപോലൊരു ഗൂഢാലോചന നടത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. ഇതിലൂടെ വ്യക്തമാകുന്നത് ജുഡീഷ്യറി അപകടത്തിലാണെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രിം കോടതിയിലെ അടിയന്തര സിറ്റിംഗിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
അതിനിടെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജഡ്ജിമാര്‍ക്ക് എതിരായ ആക്രമണത്തെ അപലപിച്ച് ജസ്റ്റിസ് അരുണ്‍ മിശ്രയും സഞ്ജീവ് ഖന്നയും രംഗത്തെത്തി. ഇത്തരം ആരോപണങ്ങള്‍ സുപ്രീം കോടതിയുടെ അന്തസത്തയെ ഹനിക്കുന്നതാണെന്നും തത്ക്കാലം ഉത്തരവിറക്കുന്നില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ഇത് അസാധാരണ നടപടിയാണെന്നും ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഇത് ബ്ലാക്‌മെയില്‍ തന്ത്രമാണെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണ് അറ്റോണി ജനറല്‍ വേണുഗോപാല്‍ പറഞ്ഞത്.
രജ്ഞന്‍ ഗൊഗോയ്ക്ക് എതിരായ പരാതിയ്ക്ക് പിന്നില്‍ ആസൂത്രിത നീക്കം നടന്നതായും അദ്ദേഹം പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ആയതു കൊണ്ട് മാത്രം താനും ആക്രമണങ്ങള്‍ നേരിടുന്നുവെന്നു കെ.കെ വേണുഗോപാല്‍ പറഞ്ഞു.
പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
20 വര്‍ഷത്തെ സേവനത്തിന്റെ ഫലമാണോ ഇത്? കറകളഞ്ഞ ജഡ്ജിയായിരിക്കുകയെന്നത് ഈ കാലഘട്ടത്തില്‍ വലിയ വെല്ലുവിളിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തിന്റെ പേരില്‍ രാജിവെക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാതമില്ലാതെ നിര്‍ഭയം പദവിയില്‍ തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ജനറല്‍ പറഞ്ഞത്.
'സുപ്രീം കോടതിയെ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചില കുത്സിതശക്തികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്.'എന്നാണ് സെക്രട്ടറി ജനറല്‍ പുറത്തുവിട്ട ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്.
ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് പരാതി നല്‍കിയത്.
ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."