ഡോക്ടര്‍ ആവണമെന്ന ആഗ്രഹം ബാക്കിയാക്കി ഷംന യാത്രയായി
ഉരുവച്ചാല്‍: ഷംനയുടെ മരണം ശിവപുരം ഗ്രാമത്തെ ദുഖത്തിലാഴ്ത്തി. എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ ശിവപുരം പടുപാറ അയിഷ മന്‍സിലില്‍ കെ.എ അബൂട്ടിയുടെ മകളുമായ ഷംന (19) കഴിഞ്ഞ ദിവസം കുത്തിവയ്പ്പിനെ തുടര്‍ന്നാണ് മരിച്ചത്. പെരുന്നാള്‍ അവധി അഘോഷിക്കാന്‍ നാട്ടിലെത്തിയ ഷംന കഴിഞ്ഞയാഴ്ചയാണ് തിരിച്ചുപോയത്. പനി കൂടിയതിനെത്തുടര്‍ന്ന് സുഹൃത്തുക്കളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.40ന് പനിക്കുള്ള ആന്റിബയോട്ടിക് കുത്തിവച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഷംന കുഴഞ്ഞു വീഴുകയും പിന്നീട് അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി വെന്റിലേറ്ററിന്റെ സഹായവും ലഭ്യമാക്കി. എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ വന്നതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ വൈകുന്നേരം ആറോടെ ഷംനയെ രാജഗിരി ആശുപത്രിയിലേക്കു മാറ്റിയത്. എന്നാല്‍ രാത്രി എട്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മരണ കാരണം ചികിത്സാ പിഴവാണെന്നു പിതാവും നാട്ടുകാരും ആരോപിച്ചു. എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന ഷംനയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സഹപാഠികളും നാട്ടുകാരും. കുടുംബത്തിനും നാടിനും വേണ്ടി ഡോക്ടര്‍ ആവണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ഷംന യാത്രയായത്. ഷരീഫയാണ് ഷംനയുടെ മാതാവ്. സഹോദരങ്ങള്‍: ഷിബിലി, ഷിഫാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."