രജിസ്‌ട്രേഷനില്ല; ഡോറ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: രജിസ്‌ട്രേഷന്‍ കാലാവധി വൈകുന്നതുമൂലം പഠനം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ ഡോറ(ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്റ്) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ പ്രതിസന്ധിയില്‍. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ 60ഓളം വിദ്യാര്‍ഥികളാണ് രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കോഴിക്കോട് ഡെന്റല്‍ മെഡിക്കല്‍ കോളജിനു കീഴില്‍ 2011ലാണ് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഡയരക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ കേരളത്തില്‍ പുതുതായി ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്റ് (ഡി.ഒ.ആര്‍.എ) എന്ന പേരില്‍ ദ്വിവത്സര കോഴ്‌സ് ആരംഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം ഡെന്റല്‍ കോളജുകളിലായി 10 വീതം സീറ്റുകളാണ് അനുവദിച്ചത്. നിലവില്‍ മൂന്നു ബാച്ചുകളിലായി 60ഓളം വിദ്യാര്‍ഥികളാണ് കോഴ്‌സ് കഴിഞ്ഞിറങ്ങിയിട്ടുള്ളത്.
എന്നാല്‍ പലരും തിരുവനന്തപുരത്തെ കേരള ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും ഒരു വര്‍ഷത്തിലധികമായി രജിസ്‌ട്രേഷന്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഡോറ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ കേരളത്തിലെ ഡെന്റല്‍ കോളജുകളില്‍ ആവശ്യമുണ്ടെങ്കിലും ഇങ്ങനെയൊരു തസ്തിക നിലവിലില്ലാത്തതിനാല്‍ നിയമനം നടക്കുന്നുമില്ല.
ഡെന്റല്‍ കോളജുകളില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുമ്പോഴും ഡോറക്കാരെ തഴയുകയാണ് ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒഴിവുവരുന്ന ചെയര്‍ സൈഡ് അസിസ്റ്റന്റ് തസ്തികയില്‍ ഡോറക്കാരെ നിയമിക്കുന്നതിനു പകരം ഹൈജീനിസ്റ്റുകളെയും മെക്കാനിക്കുകളെയും മാത്രമാണ് പരിഗണിക്കുന്നത്.
പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പലരും പുതിയ കോഴ്‌സ് എന്ന നിലയില്‍ കൂടുതല്‍ തൊഴില്‍സാധ്യത മുന്നില്‍കണ്ടാണ് ഈ കോഴ്‌സിന് ചേര്‍ന്നത്. ആര്‍മിയില്‍ ഡോറ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കുമ്പോഴാണ് സംസ്ഥാനത്തു പഠിച്ച വിദ്യാര്‍ഥികളെ അവഗണിക്കുന്നതെന്നും പരാതിയുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ ഡോറ തസ്തിക കൊണ്ടുവരാനും ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ തടസം നീക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും എം.കെ രാഘവന്‍ എം.പിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഡോറ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചതായും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും വിദ്യാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി.വി മുഹമ്മദ് ഷമീര്‍, ടി.പി അബീഷ്, പി.കെ അനുശ്രീ, കെ. അമൃത, കെ.എം ശില്‍പ്പ, എന്‍.ഐ ഫനീഹ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."