യു.ഡി.എഫ് മദ്യനയം: ബിയര്‍, മയക്കുമരുന്ന് ലഹരിയില്‍ മയങ്ങി കേരളം
പത്തനംതിട്ട: യു.ഡി.എഫിന്റെ മദ്യനയത്തെ തുടര്‍ന്ന് കേരളത്തില്‍ മദ്യവില്‍പന കുറഞ്ഞു. അതേസമയം ബിയറിന്റെ ഉപഭോഗം മുന്‍പത്തേക്കാള്‍ കൂടുകയും മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും ഉള്‍പ്പെട്ട കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് മദ്യ നയം പുതുക്കിയ ശേഷം ഉണ്ടായത്. എന്നാല്‍ ബിയറിന്റെ ഉപഭോഗത്തിലെ വര്‍ധന പുതുക്കിയ മദ്യ നയത്തെ നിഷ്ഫലമാക്കിയെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ബാറുകള്‍, ബിയര്‍, വൈന്‍ പാര്‍ലറുകളാക്കി മാറ്റിക്കൊണ്ടുള്ള അബ്കാരി നയം നിലവില്‍ വന്ന 2014-15 വര്‍ഷം മുതല്‍ മദ്യ ഉപഭോഗം 17 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2013-14 ല്‍ ബിവറേജസ് കോര്‍പറേഷന്‍ 240.67 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റഴിച്ചത്. 2014-15 ല്‍ അത് 220.58 ലക്ഷമായി കുറഞ്ഞു. എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. 2015-16 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.83 ലക്ഷം കെയ്‌സുകളുടെ കുറവുണ്ടായി. ഒന്‍പതു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അതേസമയം കോര്‍പറേഷന്റെ ബിയര്‍ വില്‍പനയില്‍ 61 ശതമാനം വര്‍ധനവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അബ്കാരി നിയമപ്രകാരം ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഉടമസ്ഥതയിലുള്ള പത്ത് ശതമാനം മദ്യശാലകള്‍ പ്രതിവര്‍ഷം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ആകെയുണ്ടായിരുന്ന 384ല്‍ 78 എണ്ണമാണ് 2014-15 നും 2015-16 നും ഇടയില്‍ അടച്ചുപൂട്ടിയത്. എന്നിട്ടും 2014-15ല്‍ 154.20 ലക്ഷം കെയ്‌സ് ബിയറാണ് കോര്‍പറേഷന്‍ വഴി വിറ്റത്. 2013-14 വര്‍ഷത്തേക്കാള്‍ 58.61 ലക്ഷം കെയ്‌സുകളുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ 2015-16 ആയപ്പോഴേക്കും 61 ശതമാനമായി വര്‍ധിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ് മദ്യോല്‍പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും അടിസ്ഥാനത്തില്‍, മദ്യ ലഭ്യത കുറയ്ക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് എല്‍.ഡി.എഫ് കുറ്റപ്പെടുത്തുന്നത്.
അതേസമയം കഞ്ചാവടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. എക്‌സൈസ് വകുപ്പ് 2013-14 കാലഘട്ടത്തില്‍ 860 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൊട്ടടുത്ത വര്‍ഷം 1021 ഉം 2015-16ല്‍ 1704 കേസുകളായി വര്‍ധിച്ചതും പുതിയ മദ്യ നയത്തിന്റെ പരിണിത ഫലമാണെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."