ബൊലിറോയ്ക്കും മിനി പതിപ്പ്
കുന്നും മലയും താണ്ടാനോ, ചെളിയില്‍ ഓഫ് റോഡ് ഡ്രൈവ് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന സാക്ഷാല്‍ കാളപൂട്ട് നടത്താനോ ഒക്കെ മഹീന്ദ്രയെന്ന പേരിനപ്പുറമൊന്നു നമുക്കു ചിന്തിക്കാന്‍ കഴിയില്ല. താറും ബൊലിറോയുമൊക്കെ ഇക്കാര്യത്തില്‍ ഒന്നിനൊന്നു മെച്ചവുമാണ്. അരക്കോടിയും അതിലധികവും വരുന്ന കിടിലന്‍ ഓഫ് റോഡറുകള്‍ ഇവിടെയുണ്ടെന്ന കാര്യം വിസ്മരിച്ചുകൊണ്ടല്ല ഇതൊക്കെ പറയുന്നത്. എന്നാല്‍ വില കൂടിയ ഇത്തരക്കാരെ ചെളിക്കണ്ടത്തില്‍ ഇറക്കണമെങ്കില്‍ പോക്കറ്റിന് ചില്ലറ കനമൊന്നും മതിയാവുകയില്ല.
പറഞ്ഞുവന്നത് ബൊലിറോയുടെ കാര്യമാണ്. ഇന്ത്യയുടെ പ്രിയപ്പെട്ട എസ്.യു.വികളില്‍ ഒന്നായ ബോലിറോയ്ക്കും കുഞ്ഞന്‍പതിപ്പ് വരുന്നു. നാല് മീറ്ററില്‍ താഴെ നീളമുള്ള വാഹനങ്ങള്‍ക്ക് ലഭ്യമായ എക്‌സൈസ് ഡ്യൂട്ടി ഇളവ് ഉള്‍പ്പെടെ മുന്നില്‍ കണ്ടാണ് 170 മില്ലിമീറ്ററോളം നീളം കുറച്ച് മഹീന്ദ്ര കുഞ്ഞന്‍ ബൊലിറോയെ പുറത്തിറക്കാനൊരുങ്ങുന്നത്. 4,170 മില്ലീമീറ്റര്‍ ആണ് നിലവില്‍ ബൊലീറോയുടെ നീളം. ടി.യു.വി 100, കെ.യു.വി 100, നുവോസ്‌പോര്‍ട്ട് എന്നിവയ്ക്ക് ശേഷം മഹീന്ദ്രയില്‍ നിന്നുള്ള നാലാമത്തെ കോംപാക്ട് എസ്.യു.വി ആണ് പുതിയ ബൊലിറോ.
വീല്‍ ബേയ്‌സില്‍ മാറ്റം വരുത്താതെ മുന്‍വശത്ത് നിന്നും പുറകുവശത്തുനിന്നും അല്‍പ്പം ചെത്തിമാറ്റിയും റീ ഡിസൈന്‍ ചെയ്ത ബംപറുമാണ് നീളം കുറയ്ക്കാന്‍ മഹീന്ദ്ര ചെയ്തിരിക്കുന്നത്. പുതിയ ബൊലിറോയില്‍ മുന്നിലെ ബംപര്‍ ഏറെക്കുറെ ഫ്‌ളാറ്റ് ആണ്. പുറത്തേക്ക് അധികം തള്ളിനില്‍ക്കുന്നില്ല. അതുപോലെ പിറകിലെ ബംപറും ബോഡിലൈനിനു സമമാണ്. പിറകിലെ ഡോറിന്റെ ഹാന്റിലും ബോഡിയില്‍ നിന്ന് ആധികം പുറത്തേക്ക് തള്ളാതെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാരണം ആരെങ്കിലും നീളം അളന്നാല്‍ നാല് മീറ്ററില്‍ കൂടരുതല്ലോ. മറ്റു കാര്യമായ മാറ്റങ്ങള്‍ ബോഡിയില്‍ ഇല്ല. ഡാഷ് ബോര്‍ഡ് ഉള്‍പ്പെടെ പഴയതില്‍ നിന്ന് കടമെടുത്തതാണ്. എന്നാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനായി സീറ്റുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഏറ്റവും പിറകില്‍ ആഭിമുഖമായുള്ള രണ്ട് ജംപ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴുസീറ്റുകളോടെയായിരിക്കും കോംപാക്ട് ബൊലിറോ എത്തുക.
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം എന്‍ജിനില്‍ ആണ്. മൂന്ന് സിലിണ്ടര്‍ ഉള്ള 1.5 ലിറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന്‍ ആയിരിക്കും കുഞ്ഞന്‍ ബൊലിറോയില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്. ടി.യു.വി 300ലും നുവോസ്‌പോര്‍ട്ടിലും ഈ എന്‍ജിന്‍ ആണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. എന്നാല്‍ കൂടുതല്‍ മൈലേജ് ലക്ഷ്യമിട്ട് പവറില്‍ അല്‍പ്പം കുറവുവരുത്തിയിട്ടുണ്ട്. 68 ബി.എച്ച്.പി കരുത്തുള്ളതായിരിക്കും ഈ എന്‍ജിന്‍. 2.5 ലിറ്റര്‍ ശേഷിയുള്ള 63 ബി.എച്ച്.പി എന്‍ജിനാണ് നിലവില്‍ ബൊലിറോയില്‍ ഉപയോഗിക്കുന്നത്.
ഇതിനേക്കാള്‍ ഭാരക്കുറവുള്ളതും ആധുനികവുമാണ് പുതിയ എന്‍ജിന്‍. 2000 സി.സിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണ മേര്‍പ്പെടുത്തി കേരളത്തില്‍ ഉള്‍പ്പെടെ ദേശീയ ഹരിത ട്രൈബൂണല്‍ വിധി പുറപ്പെടുവിച്ചതും ഈയിടെയാണ്. പുതിയ എന്‍ജിനിലൂടെ ഈ നിയന്ത്രണങ്ങള്‍ ഒരു പരിധിവരെ മറി കടക്കാമെന്നും മഹീന്ദ്ര കണക്കുകൂട്ടുന്നു.
ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള എസ്.യു.വി എന്ന പദവിയില്‍ ഏറെക്കാലം വിരാജിച്ചിരുന്ന ബൊലിറോയ്ക്ക് ഈയിടെ കാലിടറിയിരുന്നു. ഹ്യുണ്ടായിയുടെ ക്രീറ്റയും മാരുതി വിറ്റാറ ബ്രസയുമൊക്കെ ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തിയ ന്യൂജെന്‍ തരംഗത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് കുഞ്ഞന്‍ ബൊലിറോയെ അവതരിപ്പിച്ച് മഹീന്ദ്ര നടത്തുന്നത്. പുതിയ ബൊലിറോയെ അടുത്ത മാസം റോഡുകളില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."