സെന്‍കുമാറിന്റെ പുനര്‍ നിയമനത്തില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്
കൊച്ചി:ഡി.ജി.പി സെന്‍കുമാറിന്റെ നിയമനത്തില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലാരിഫിക്കേഷന് ഹരജി നല്‍കുക.
2016 ജൂണ്‍ ഒന്നിന് നടന്ന നിയമനം റദ്ദ് ചെയ്യുന്നു എന്നാണ് ടി.പി സെന്കുമാറിനനുകൂലമായ കോടതി ഉത്തരവില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അതേ ദിനം
നിയമിക്കപ്പെട്ട മറ്റു നിയമനങ്ങളും റദ്ദ് ചെയ്യപ്പെട്ടോ എന്ന് അറിയാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.
2016 ജൂണ്‍ ഒന്നിനാണ് പൊലിസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെ പൊലിസ് വെയര്‍ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് സി.എം.ഡി സ്ഥാനത്തേക്ക് മാറ്റി നിയമിച്ചത്. ആ സ്ഥാനത്തിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു. ഫയര്‍ ഫോഴ്സ് മേധാവിയായ ലോക്നാഥ് ബെഹ്റയെ പൊലിസ് മേധാവിയായും നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായ എന്‍.ശങ്കര്‍ റെഡ്ഢിയെ ആ സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും പകരം നിയമനം നല്‍കിയില്ല.
ജൂണ്‍ ഒന്നിലെ ഉത്തരവ് റദ്ദ് ചെയ്യപ്പെട്ടപ്പോള്‍ അന്ന് നടന്ന ഈ നിയമനങ്ങളും റദ്ദായോ എന്നാണ് സര്‍ക്കാര്‍ കോടതിയോട് ചോദിക്കുക. ഒപ്പം 2015 ല്‍ ടി.പി സെന്‍കുമാറിന് യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ നിയമന ഉത്തരവില്‍ പറയുന്നത് ഹെഡ് ഓഫ് പൊലിസ് ഫോഴ്സ് എന്ന പദവിയാണ്. അങ്ങനെയൊരു പദവി പൊലിസിലില്ലെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിക്കും. ഈ സാഹചര്യത്തില്‍ സെന്‍കുമാറിന് എന്ത് പദവിയാണ് നല്‍കേണ്ടത് എന്നും ചോദിക്കും. സ്റ്റേറ്റ് പൊലിസ് ചീഫ് എന്നാണ് നിലവില്‍ ലോക്നാഥ് ബെഹ്റയുടെ പദവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."