ഒരു ജീവിതയാത്രയുടെ ഓര്‍മകള്‍
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു ബാബു പോള്‍ സാറിനെ അവസാനമായി കണ്ടത്. ലോകപ്രശസ്ത കാന്‍സര്‍ വിദഗ്ധന്‍ ഡോ. എം.വി പിള്ളയും എന്റെ കൂടെയുണ്ടായിരുന്നു. ഇന്ത്യ പ്രസ് ക്ലബിന്റെ മാധ്യമശ്രീ പുരസ്‌കാര ദാന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചകാര്യം പറഞ്ഞ് അന്നത്തെ സംഭാഷണം തുടങ്ങി. ബാബു പോള്‍, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ഡോ. എം.വി പിള്ള, അലക്‌സാണ്ടര്‍ സാം എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കിട്ടിയ നൂറുകണക്കിന് അപേക്ഷകളില്‍നിന്നു യുവാക്കള്‍ക്കു കൂടുതല്‍ പരിഗണന കൊടുക്കണമെന്ന് ബാബു പോളിന്റെ അഭിപ്രായത്തോട് നൂറുശതമാനം യോജിച്ചാണ് ജൂറി അംഗങ്ങള്‍ ദ ഹിന്ദു മുന്‍ എഡിറ്റോറിയല്‍ സെക്യൂരിറ്റി ഓഫിസര്‍ ജോസി ജോസഫിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.
സംസാരത്തിനിടെ സ്ത്രീകള്‍ക്കു മാത്രമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന്റെ മധ്യഭാഗത്ത് തുടങ്ങണമെന്ന ആശയം മുഖ്യമന്ത്രിയുമായി പങ്കുവച്ചതായി ഡോ. എം.വി പിള്ള ബാബു പോളിനെ അറിയിച്ചു. കേരളത്തില്‍ കാന്‍സര്‍ വന്നു മരിക്കുന്ന സ്ത്രീകളുടെ എണ്ണം പതിവില്ലാത്ത വിധം കൂടിക്കൊണ്ടിരിക്കുകയാണ്. വളരെ ആവേശപൂര്‍വമായ മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നുകൂടി പറഞ്ഞപ്പോള്‍ സാറിന്റെ മുഖമൊന്നു ചുരുങ്ങി. കുറച്ചുനേരം ഒന്നും പറയാതിരുന്ന അദ്ദേഹം നനഞ്ഞ കണ്ണുകളോടെ പറഞ്ഞു- കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നുവെങ്കില്‍ എനിക്കെന്റെ നിര്‍മലയെ നഷ്ടപ്പെടില്ലായിരുന്നു. സാറിന്റെ ഭാര്യ അര്‍ബുദം ബാധിച്ചാണ് മരിച്ചത്.
ജീവിതത്തിരക്കുകള്‍ക്കിടയിലും അദ്ദേഹത്തിനു കുടുംബം ജീവനായിരുന്നു. പാലക്കാട് കലക്ടര്‍ സ്ഥാനത്തുനിന്ന് ഇടുക്കി ഡാമിന്റെ പ്രൊജക്ട് കോഡിനേറ്ററായി മാറ്റം ലഭിച്ചപ്പോഴാണ് മകള്‍ ജനിക്കുന്നത്. മക്കളെ ചെറുപ്പത്തില്‍ വേണ്ടവിധത്തില്‍ കൊഞ്ചിച്ചുവളര്‍ത്താന്‍ ജോലിത്തിരക്കുകള്‍ കൊണ്ട് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം എല്ലാ കുടുംബ സംഗമങ്ങളിലും പറയുമായിരുന്നു. എന്റെ മാത്രം ദുഖമല്ലിത്. എല്ലാ ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും അവസ്ഥയാണ്.
നര്‍മത്തില്‍ ബാബു പോളിനെ വെല്ലാന്‍ സിവില്‍ സര്‍വിസില്‍ ആരെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. തനിക്ക് ആദ്യമായി ഒരു കൊച്ചുമകനുണ്ടായപ്പോള്‍ അദ്ദേഹം തമാശരൂപേണ ഇങ്ങനെ പറഞ്ഞു, ഞാന്‍ ആദ്യമായി ഒരു വല്യപ്പച്ചനായി. വളരെ സന്തോഷം നിറഞ്ഞ ദിനമാണ് ഇനിയുള്ള ഓരോ നാളും. എന്നാലും ഒരു ദു:ഖം എന്നെ അലട്ടുന്നുണ്ട്. ഒരു വല്യമ്മച്ചിയുടെ കൂടെയാണല്ലോ ഇനിയും ജീവിക്കേണ്ടത്.
സംഗതി വിവാദമായി. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ ഭാര്യ മേഴ്‌സി രവി ഇതിനെതിരേ രംഗത്തുവന്നു. സ്ത്രീകളെ ഇങ്ങനെ മോശമായി ചിത്രീകരിക്കരുതെന്ന് മേഴ്‌സി തുറന്നടിച്ചു. നിര്‍മലയെപ്പോലെ സുന്ദരിയായ സ്ത്രീക്ക് ഒരു വല്യപ്പച്ചന്റെ കൂടെ കഴിയേണ്ടതോര്‍ത്ത് സഹതാപം തോന്നുന്നു എന്നും മേഴ്‌സി രവി പറഞ്ഞു. എന്നാല്‍ ഭാര്യയെ ജീവനുതുല്യം സ്‌നേഹിക്കുയാളാണ് ബാബു പോള്‍ എന്ന് മേഴ്‌സിക്കും അറിയാവുന്നതായതുകൊണ്ട് എല്ലാവരും അതൊരു തമാശയായി കണ്ടു.
2013ല്‍ ഇന്ത്യ പ്രസ് ക്ലബിന്റെ മാധ്യമശ്രീ പുരസ്‌കാര ചടങ്ങ് കൊച്ചി ബോള്‍ഗാട്ടി പാലസിയില്‍ നടക്കുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സി.പി.എം ജനറല്‍ സെക്രട്ടറി പിണറായി വിജയനും ഒരേ വേദി പങ്കിട്ട ദിനം. അവാര്‍ഡ് ദാനത്തിനു മുന്‍പുള്ള പ്രസംഗം. വേദിയില്‍ മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മയും. ബാബു പോളിനെ അവതാരക വേദിയിലേക്ക് ക്ഷണിച്ചു. തോമസ് ജേക്കബിന്റെയും പ്രഭാവര്‍മയുടേയും മധ്യത്തില്‍ നിന്ന് അദ്ദേഹം പ്രസംഗം തുടങ്ങി, നിങ്ങള്‍ ഈ വേദിയിലേക്കു സൂക്ഷിച്ചുനോക്കൂ. അമേരിക്കയിലെത്തിയ നമ്മുടെ മലയാളമക്കളുടെ അതിബുദ്ധി കാണാം. വലതുപക്ഷ മാധ്യമമായ മലയാള മനോരമയെ എന്റെ ഇടതുവശത്തും ഇടതുപക്ഷ മാധ്യമമായ ദേശാഭിമാനിയെ എന്റെ വലതുവശത്തും നിര്‍ത്തിയ ഇവരുടെ ബുദ്ധിയെ ഞാന്‍ നമിച്ചിരിക്കുന്നു. സാഹചര്യം നോക്കി ഫലിതം പറയാന്‍ ഇത്രമിടുക്കുള്ള ഒരു വ്യക്തി നായനാര്‍ക്കു ശേഷം ബാബു പോള്‍ മാത്രമാണ്.
തിരുവനന്തപുരത്തെ പഴയകാല സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മമ്മീസ് കോളനിയിലായിരുന്നു ബാബു പോളിന്റെ വീട്. അഞ്ചാറ് ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലം. അവിടെ വാടകയ്ക്ക് താമസിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയിരുന്നതും ആ സ്ഥലത്തിന്റെ ഉടമസ്ഥന്റെ ഭാര്യയായിരുന്നു. മമ്മി എന്നായിരുന്നു അവരെ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നത്. ചെറുപ്പക്കാരായ ഉദ്യോഗസ്ഥരോടുള്ള കരുതലിന്റെ ഭാഗമായി തിരുവനന്തപുരത്തെ കണ്ണായ സ്ഥലം പ്ലോട്ടുകളാക്കി ഉദ്യോഗസ്ഥര്‍ക്കു വിറ്റു. ഉദ്യോഗസ്ഥര്‍ അവിടം വിട്ടു പോകാത്തരീതിയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനം. അങ്ങനെയാണ് മമ്മീസ് കോളനി എന്ന പേരുവന്നത്. അവരുടെ തറവാട് വീടിരുന്ന രണ്ടേക്കര്‍ സ്ഥലം ഇപ്പോള്‍ ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി വാങ്ങിച്ചു. അവിടെ വലിയൊരു ഭവനം ഉയരുന്നുണ്ട്. ഒരു സംഭാഷണത്തിനിടെ തമാശ രൂപത്തില്‍ ബാബു പോള്‍ പറഞ്ഞു, ഇപ്പോള്‍ ഈ കോളനിയില്‍ ആരുടേയെങ്കിലും വീടുചോദിച്ചാല്‍ ബാബു പോളിന്റെ വീടിനടുത്താണെന്നതാണ് ലാന്‍ഡ് മാര്‍ക്ക്. എന്നാല്‍ ഇനി യൂസഫലിയുടെ വീടിനടുത്താണെന്നു പറയേണ്ടിവരും. യൂസഫലിയുടെ വീടുയരുംമുന്‍പ് ബാബുപോള്‍ യാത്രയായി. ദൈവനിശ്ചയമതായിരിക്കാം.
തികഞ്ഞ ദൈവവിശ്വാസി
വലിയ ദൈവവിശ്വാസിയായിരുന്നു ബാബു പോള്‍. ഭക്ഷണം മുടക്കിയാലും പ്രാര്‍ഥന മുടക്കാറില്ല. ദൈവത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, ദൈവം എന്നത് വലിയ താങ്ങാണ്. ദൈവം ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ ദൈവത്തെ സൃഷ്ടിക്കുമായിരുന്നു. നിരീശ്വരവാദമൊക്കെ പറയുന്നവര്‍ക്ക് തന്റെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് വലിയ ധൈര്യമായിരിക്കും. പ്രാര്‍ഥിക്കാന്‍ ഒരു ദൈവമുണ്ടെങ്കില്‍ ജീവിതത്തില്‍ പ്രയാസങ്ങള്‍ കുറയും. നമുക്ക് താല്‍പര്യമുണ്ടെങ്കില്‍ അതു വളര്‍ന്നു വരികയും ചെയ്യും.
മലയാളത്തെ സ്‌നേഹിച്ച, സിവില്‍ സര്‍വിസില്‍ മലയാളത്തില്‍ നോട്ടെഴുതിയ ബാബു പോളിന് അമേരിക്കന്‍ മലയാളികളോട് വലിയ സ്‌നേഹമായിരുന്നു. ന്യൂജേഴ്‌സിയിലെ വ്യവസായ പ്രമുഖനായ ദിലിപ് വര്‍ഗീസിന്റെ മകന്‍ അജിത് വര്‍ഗീസ് തന്റെ കുട്ടിക്ക് 'കേരള' എന്നു പേരിട്ടു. കേരളത്തില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവര്‍ ഇംഗ്ലീഷ് പേരുകളുടെ പിന്നാലെ പരക്കം പായുമ്പോള്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറയിലെ അജിത്തിന് കേരളത്തോടായിരുന്നു പ്രിയം. വാര്‍ത്ത കേട്ടറിഞ്ഞ് കേരളയ്ക്ക് ബാബുപോള്‍ കത്തെഴുതി. കേരളത്തിനകത്തു താമസിക്കുന്ന ഒരു വ്യക്തി, മാതാപിതാക്കള്‍ നല്‍കിയ പേര് ഉപേക്ഷിച്ച് പൊന്‍കുന്നം വര്‍ക്കിയും മലയാറ്റൂര്‍ രാമകൃഷ്ണനുമായി മാറുമ്പോള്‍ അവരവരുടെ ഗ്രാമങ്ങള്‍ പ്രശസ്തമായി ഭവിക്കുകയും ആ നാട്ടുകാര്‍ അതിലഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നറിയാം. ഈ നവജാതയായ കൊച്ചു 'കേരള'യെ ഓര്‍ത്ത് അഭിമാനിക്കുവാന്‍ ഭാവിയില്‍ കേരളത്തിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇങ്ങ് കേരളത്തില്‍നിന്ന് അങ്ങ് അമേരിക്കയില്‍ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന 'കേരള'യ്ക്ക് എന്റെ അഭിവാദ്യങ്ങള്‍. ചക്കരയുമ്മ!
നട്ടുച്ചപോലെ കത്തിനിന്ന സൂര്യനെ മറച്ച് കാര്‍മേഘം നീങ്ങിത്തുടങ്ങിയ ഒരു പ്രതീതിയായിരുന്നു മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍. ഒരാഴ്ച മുന്‍പുവരെ വാടസ്്ആപ്പില്‍ ചാറ്റിനു മറുപടി പറഞ്ഞ അദ്ദേഹം എവിടേക്കെങ്കിലും യാത്രപോയതായിരിക്കുമെന്ന് കരുതി. തിരിച്ചുവരാത്ത യാത്രയാണിതെന്ന് അറിയാന്‍ ഏപ്രില്‍ 12 വരെ കാത്തിരിക്കേണ്ടിവന്നു. മരണത്തെക്കുറിച്ചും താന്‍ മരിച്ചാല്‍ ചെയ്യേണ്ട അന്ത്യകര്‍മങ്ങളും മുന്‍പേ പറഞ്ഞുവച്ച അദ്ദേഹം താന്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് അയയ്ക്കാന്‍ ഒരു ഓഡിയോ ക്ലിപ്പ് തന്റെ സഹായി എല്‍ദോയെ ഏല്‍പ്പിച്ചിരുന്നു.
മരണശേഷവും ബാബുപോളിന്റെ ശബ്ദം ഒടുവില്‍ ഗ്രൂപ്പ് അംഗങ്ങള്‍ കേട്ടു, 'ദൈവം എന്നെ ഉപയോഗിച്ചതിനെ ഓര്‍ത്ത് ഈ പ്രഭാതത്തില്‍ ഞാന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. വെട്ടിയിട്ടാലും കുറ്റിശേഷിക്കും. എന്നെ ഈ വാര്‍ധക്യത്തിലും ഉപയോഗിച്ച ദൈവത്തെ ഞാന്‍ മഹത്വപ്പെടുത്തുന്നു. ഞാന്‍ നിന്നെ നരയ്ക്കുവോളം ചുമക്കും എന്നു പറഞ്ഞവനാണവന്‍. വാര്‍ധക്യത്തിലും ഫലം കായ്ക്കുവാന്‍ എന്നെ പ്രപ്തനാക്കിയ ദൈവത്തിനു സ്‌തോത്രം. ഇതു നിങ്ങള്‍ എന്നാണു കേള്‍ക്കുന്നതെന്ന് ഞാന്‍ അറിയുന്നില്ല. ദൈവംമാത്രമാണ് അറിയുന്നത്. എന്നെ ഇത്രയും കേട്ട എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ ഈ പരമ്പരയില്‍നിന്നും ഭൂമുഖത്തുനിന്നും വിടവാങ്ങുന്നു'. ജീവിച്ചിരുന്നപ്പോള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയ ആ വലിയ മനുഷ്യന്‍ മരണശേഷവും അതിശയിപ്പിച്ചുകൊണ്ടേയിരുന്നു.
(അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."