കുഞ്ഞു രാഹുലും കുഞ്ഞു പ്രിയങ്കയും: താരമായി ആയിശ മിയാസയും അഹമ്മദും
ജാഫര്‍ കല്ലട
നിലമ്പൂര്‍: നിലമ്പൂരില്‍ പ്രിയങ്കക്ക് പകരക്കാരിയായി അഞ്ചുവയസുകാരി ആയിശ മിയാസയും രാഹുലിന് പകരക്കാരനായി മൂന്നുവയസുകാരന്‍ അഹമ്മദും. ഇരുവരേയും കണ്ട പ്രിയങ്കാഗാന്ധി ഇവരെ വേദിയിലേക്ക് ക്ഷണിച്ചു. സമ്മാനമായി ബദാമും പിസ്തയും. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിലമ്പൂരിലെ പൊതുസമ്മേളനത്തിലേക്ക് എത്തിയ പ്രിയങ്കാഗാന്ധിയാണ് കുഞ്ഞുങ്ങളെ വാരിപുണര്‍ന്നത്. പെരിന്തല്‍മണ്ണ മുള്ളിയാംകുറിശിയിലെ കൊടുവായിക്കല്‍ ഫാഹിദിന്റെയും ഷംനയുടെയും മക്കളാണിവര്‍. നിലമ്പൂരില്‍ പ്രിയങ്കാഗാന്ധിവരുന്നുണ്ടെറിഞ്ഞ് 2.45ഓടെയാണ് ഇവര്‍ കുടുംബസമേതം നിലമ്പൂരിലേക്ക് പ്രിയങ്കയെ കാണാന്‍ എത്തിയത്. കൂടെ മൂത്ത മകന്‍ അസീം അമനും ഉണ്ടായിരുന്നു. ഷംനയുടെ സഹോദരി പ്ലസ്ടു വിദ്യാര്‍ഥിനിയായ ഹിബ നൗറിനാണ് കുട്ടികളെ പ്രിയങ്കയുടേയും രാഹുലിന്റെയും വേഷം ധരിപ്പിച്ചത്. ചുവന്ന സാരിയും ബ്ലൗസും പ്രിയങ്കയുടെ അതേ മുടിയുടെ ഷെയ്പുവച്ച് കുഞ്ഞു പ്രിയങ്കയാക്കി ഒരുക്കി. വെളുത്ത ജുബ്ബയും പാന്‍സും ധരിപ്പിച്ച് രാഹുലിനയും അനുകരിപ്പിച്ചു. നിലമ്പൂരില്‍ എത്തിയെങ്കിലും തിരക്കായതിനാല്‍ മടങ്ങാനാരിക്കെ, പ്രവര്‍ത്തകരില്‍ ചിലരാണ് മുന്നിലേക്ക് നില്‍ക്കാന്‍ ഇവരോട് പറഞ്ഞത്. പ്രിയങ്ക പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ബാരിക്കേഡിനു മുകളില്‍ ഇരുവരും കൈവീശി കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ തന്നെ അവരോട് രക്ഷിതാക്കളേയും കൂട്ടി വേദിയിലേക്ക് വരാന്‍ പ്രിയങ്ക പറഞ്ഞു. പ്രസംഗം തുടരുന്നതിനിടെ ശല്യമാവേണ്ടന്നു കരുതി വേദിയുടെ പിറകില്‍ പ്രിയങ്കയെ കാത്തു നിന്നു. ഉറക്കത്തിന്റെ പാതി വഴിയിലായിരുന്നു അഹമ്മദ്. പ്രസംഗം തീര്‍ന്ന ഉടന്‍ പ്രിയങ്ക എത്തി ആയിശയേയും അഹമ്മദിനെയും ചേര്‍ത്തു നിര്‍ത്തി. ഇരുവര്‍ക്കും സ്‌നേഹചുംബനവും നല്‍കി. പ്രിയങ്കക്ക് കഴിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന പിസ്തയുടെ പാക്കറ്റ് ആയിശക്കും ബദാമിന്റെ വലിയ പാക്കറ്റ് അഹമ്മദിനും സമ്മാനിച്ചു. രക്ഷിതാക്കളേയും അഭിവാദ്യം ചെയ്ത് കുഞ്ഞുങ്ങള്‍ക്ക് ഹസ്തദാനം നടത്തിയാണ് പ്രിയങ്ക മടങ്ങിയത്. ജീവിതത്തില്‍ കിട്ടിയ അസുലഭ മുഹൂര്‍ത്തത്തിന്റെ ആനന്ദത്തിലാണ് ഫാഹിദും കുടുംബവും. തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണിതെന്ന് ഫാഹിദ് പറഞ്ഞു. വലിയ നേതാവായിരുന്നിട്ട് പോലും എളിമയുടെ മഹത്വം കാണിച്ച പ്രിയങ്കയെ കുറിച്ച് പറയാന്‍ ഷംനക്കും വാക്കുകളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."