പടന്നക്കാട് സെക്ഷനു കീഴില്‍ വൈദ്യുതിയുടെ ഒളിച്ചുകളി
നീലേശ്വരം: കെ.എസ്.ഇ.ബി പടന്നക്കാട് സെക്ഷനു കീഴിലെ തൈക്കടപ്പുറം, കൊട്രച്ചാല്‍, ഒഴിഞ്ഞവളപ്പ്, കുറുന്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുത തടസം പതിവാകുന്നു. നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപം പുത്തരിയടുക്കത്തു പ്രവര്‍ത്തിക്കുന്ന 33 കെ.വി സബ് സ്റ്റേഷന്റെ കീഴിലുള്ള ചെറപ്പുറത്തെ 11 കെ.വി ഫീഡറിന്റെ ഓട്ടോ റീക്ലോസര്‍ തകരാര്‍ ആയതാണ് ഇതിനു കാരണം.
കാഞ്ഞങ്ങാട് സബ് സ്റ്റേഷനില്‍ നിന്നുമാണ് പടന്നക്കാട് ഫീഡറിലേക്ക് വൈദ്യുതി എത്തിക്കുന്നത്. കാഞ്ഞങ്ങാട് നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമ്പോള്‍ ഈ പ്രദേശങ്ങളില്‍ ചെറപ്പുറത്തെ ഫീഡറില്‍ നിന്നായിരുന്നു വൈദ്യുതി എത്തിച്ചിരുന്നത്. ഇവിടുത്തെ ഓട്ടോ റീക്ലോസറിന്റെ തകരാര്‍ പരിഹരിച്ചാല്‍ മാത്രമേ വൈദ്യുത തടസം ഒഴിവാക്കാന്‍ കഴിയൂ.
മഴക്കാലമായതോടെ കാറ്റില്‍ മരങ്ങള്‍ വീണ് വൈദ്യുതി തടസപ്പെടുന്നതിനു പുറമേയാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. മാവുങ്കാല്‍ സബ് സ്റ്റേഷനിലും പുതുതായി വന്ന ടൗണ്‍ സബ് സ്റ്റേഷനിലും ഇന്റര്‍പാനല്‍ സംവിധാനം ഉപയോഗിച്ചാണ് വൈദ്യുതി വിതരണം നടത്തുന്നത്.
എന്നാല്‍ നീലേശ്വരം നഗരസഭയിലെ പ്രദേശങ്ങളില്‍ വൈദ്യുതി എത്തുന്ന സബ്‌സ്റ്റേഷനില്‍ ഇപ്പോഴും പഴയ സംവിധാനം തന്നെയാണുള്ളത്. ഇന്റര്‍പാനല്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഇവിടെയും തടസമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."