കൊച്ചി മെട്രോ ട്രെയ്ന്‍: സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നുമുതല്‍
കൊച്ചി: കൊച്ചി മെട്രോ റെയില്‍ സുരക്ഷാ കമീഷണറുടെ പരിശോധന മെയ് 3, 4, 5 തീയതികളില്‍ നടക്കും. റെയില്‍വേ സുരക്ഷ കമ്മീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണു പരിശോധനക്കെത്തുക. ആദ്യഘട്ട സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതയിലായിരിക്കും പരിശോധന.
ഈ പരിശോധനക്കു ശേഷമായിരിക്കും അന്തിമ അനുമതി. നേരത്തെ ഏപ്രിലില്‍ ആദ്യഘട്ട സര്‍വീസ് തുടങ്ങാനാവുമെന്നാണ് ഡി.എം.ആര്‍.സി സര്‍ക്കാരിനെ അറിയിച്ചിരുന്നത്. എന്നാല്‍ സ്റ്റേഷനുകളുടെയും അനുബന്ധ ജോലികളുടെയും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാവാതെ സര്‍വീസ് ആരംഭിക്കാനാവില്ലെന്ന് കെ.എം.ആര്‍.എല്‍ കടുത്ത നിലപാടെടുത്തു. മെട്രോ സുരക്ഷ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായാലും പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം മാത്രം സര്‍വീസ് തുടങ്ങിയാല്‍ മതിയെന്നാണ് കെ.എം.ആര്‍.എലിന്റെ നിലപാട്. സര്‍വീസ് തുടങ്ങാനുള്ള അന്തിമ അനുമതി നല്‍കുന്നതിന് മെട്രോ ബോഗികളുടെയും പാളങ്ങളുടെയും സുരക്ഷ, സിഗ്‌നലിങ് സംവിധാനം എന്നിവയാണ് കമ്മീഷണര്‍ സംഘം പ്രധാനമായും വിലയിരുത്തുക.
ട്രെയിനിന്റെ പരമാവധി വേഗത്തിലുള്ള പരീക്ഷണ ഓട്ടത്തിനൊപ്പം ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതയിലൂടെ ഒരേ സമയം ഇരുവശത്തേക്കുമുള്ള ട്രെയിന്‍ ഓട്ടവും സംഘം പരിശോധിക്കും. ജനുവരിയില്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ റെയില്‍ സുരക്ഷാ കമീഷണര്‍ നിലവിലെ ക്രമീകരണങ്ങളില്‍ സംതൃപ്തി അറിയിച്ചിരുന്നു. സുരക്ഷ, സിഗ്‌നലിങ് സംവിധാനം എന്നിവ കുറ്റമറ്റതാണെന്നായിരുന്നു സംഘത്തിന്റെ അഭിപ്രായം.
11 മെട്രൊ സ്റ്റേഷനുകളുടെ ജോലികള്‍ പൂര്‍ത്തിയായെന്നു ഡിഎംആര്‍സി അറിയിച്ചു. സുരക്ഷാ കമീഷണറുടെ പരിശോധനയ്ക്കു ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍വീസ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
മെട്രൊയുടെ ആദ്യഘട്ട സര്‍വിസായ ആലുവ-പാലാരിവട്ടം റൂട്ടില്‍ 11 സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ എല്ലാ സ്റ്റേഷനുകളുടെയും സിവില്‍ ജോലികള്‍ കഴിഞ്ഞു. ഉള്‍വശത്തെ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. സ്റ്റേഷന്‍ കെട്ടിടം, പ്ലാറ്റ്‌ഫോം എന്നിവയെ ബന്ധിപ്പിക്കുന്ന ലിങ്ക് പാലത്തിന്റെ നിര്‍മാണം എല്ലായിടത്തും ഉടന്‍ പൂര്‍ത്തിയാക്കും. സ്റ്റേഷന്‍ കെട്ടിടത്തിനു ചുറ്റുമുള്ള ജോലികള്‍, പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കല്‍, അലൂമിനിയം ഷീറ്റുകള്‍ പൊതിയല്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കാനുണ്ട്. പുളിഞ്ചോട്, കമ്പനിപ്പടി, മുട്ടം, പത്തടിപ്പാലം എന്നിവിടങ്ങളില്‍ ഉള്‍വശത്തെ ജോലികള്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയായി. കുസാറ്റ്, കളമശേരി എന്നിവിടങ്ങളില്‍ നിസാര ജോലികളാണു ബാക്കിയുള്ളത്. അമ്പാട്ടുകാവ്, പുളിഞ്ചോട്, ആലുവ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കി. പാലാരിവട്ടത്ത് കെ.എസ്.ഇ.ബിയുടെ ഭൂമിയില്‍ പാര്‍ക്കിങ് സൌകര്യം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."