നമിത വരച്ചു, പ്രിയങ്ക കണ്ടു...
നിലമ്പൂര്‍: രാഹുലിനെ കാണാത്ത നമിതയുടെ ദുഃഖം പ്രിയങ്കാഗാന്ധി മാറ്റി. നിലമ്പൂരില്‍ പ്രിയങ്കാഗാന്ധിയുടെ പൊതുസമ്മേളനത്തിലാണ് ഉച്ചമുതല്‍ താന്‍ പെന്‍സിലുകൊണ്ട് വരച്ച പ്രിയങ്കാഗാന്ധിയുടെ ചിത്രവുമായി 11കാരിയായ നമിത മനോജ് അമ്മ ബി.കെ സന്ധ്യയോടൊപ്പം മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. പ്രിയങ്കാഗാന്ധി സ്‌റ്റേജില്‍ വന്ന സമയം മുതല്‍ നമിത തന്റെ പ്രിയങ്കാ ചിത്രം ഉയര്‍ത്തി കാണിച്ചുകൊണ്ടിരുന്നുവെങ്കിലും പ്രിയങ്കാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കുറെ നേരം ഉയര്‍ത്തിയെങ്കിലും പ്രിയങ്ക കാണാത്തതിനാല്‍ കുഞ്ഞുമനസിന് നോവായി.
നിരാശയോടെ അമ്മയുടെ അടുത്തേക്ക് തിരിഞ്ഞു. അമ്മ നമിതയെ ആശ്വാസിപ്പിച്ചു. ഒന്നു കൂടെ ചിത്രം ഉയര്‍ത്തിക്കാണിക്കാന്‍ ആവശ്യപ്പെട്ടു. പ്രസംഗിക്കാന്‍ എണീറ്റ പ്രിയങ്കക്ക് മാധ്യമപ്രവര്‍ത്തകര്‍ കൂടി നമിതയെ ചൂണ്ടിക്കാണിച്ചുകൊടുത്തതോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ ചിത്രവുമായി ഇരിക്കുന്ന നമിതയെ കണ്ടത്. ഉടന്‍ മൈക്കിലൂടെ തന്നെ സ്റ്റേജിലേക്ക് പ്രിയങ്ക നമിതയെ വിളിച്ചുവരുത്തി. പ്രസംഗിച്ചുകൊണ്ടിരിക്കേ നമിത സ്‌റ്റേജിലെത്തിയപ്പോള്‍ പ്രസംഗം നിര്‍ത്തി അവളെ അരികിലേക്ക് വിളിച്ചു. താന്‍ പെന്‍സിലില്‍ വരച്ച ചിത്രം പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി പ്രിയങ്കക്ക് സമ്മാനിച്ചു. ജീവിതത്തില്‍ ഇതില്‍പരം ആഹ്ലാദം ഇനി വരാനില്ലെന്ന് നമിത പറഞ്ഞു. ഒപ്പം ചേര്‍ത്തി നിര്‍ത്തി ഹസ്തദാനവും നടത്തിയാണ് നമിതയെ സ്‌റ്റേജില്‍ നിന്നു പ്രിയങ്കാഗാന്ധി യാത്രയാക്കിയത്.
രാഹുല്‍ ഗാന്ധിയുടെ ചിത്രവും നമിതി വരച്ചിരുന്നു. വണ്ടൂരില്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ പോകാനിരിക്കേ വില്ലനായി എത്തിയ പനി അന്ന് യാത്രമുടക്കി. രാഹുല്‍ഗാന്ധിക്ക് ചിത്രം സമ്മാനിക്കാന്‍ കഴിയാത്ത വിഷമം പ്രിയങ്ക ഇന്നലെ തീര്‍ത്തുകൊടുത്തു. പട്ടിക്കാട് അല്‍ഫൗസ് ജാമിയ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പലായ പൂക്കോട്ടുംപാടം ഹരിചന്ദനം മനോജിന്റെ ഏക മകളാണ് നമിത. പറമ്പ ഗവ. യു.പി സ്‌കൂളില്‍ ആറാംക്ലാസിലാണ് പഠിക്കുന്നത്. ചിത്രകലാ അധ്യാപിക റംലയുടെ കീഴിലാണ് ചിത്രരചന പഠിക്കുന്നത്. ഇതിനോടകം നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ സംഗീതവും പഠിക്കുന്നുണ്ട്. രാഹുല്‍ഗാന്ധി ഇനി വരുമ്പോള്‍ താന്‍ സൂക്ഷിച്ച ചിത്രം സമ്മാനിക്കാന്‍ ദൃഡനിശ്ചയമെടുത്തിയിരിക്കുകയാണ് നമിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."