സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിച്ച് മോദി വീണ്ടും
അഹമ്മദാബാദ്: ഗുജറാത്തിലെ പത്താനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിച്ച് വോട്ടുതേടി മോദി വീണ്ടും വിവാദത്തിലേക്ക്. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോദി ദേശീയതയെ കൂട്ടുപിടിച്ച് വൈകാരികമായി സംസാരിച്ചത്.
വ്യോമസേനാ വിമാനം തകര്‍ന്ന് പാക് പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ മോചിപ്പിക്കാന്‍ തയാറായിരുന്നില്ലെങ്കില്‍ അതിന്റെ ഗുരുതര പ്രത്യാഘാതം അവര്‍ നേരിടേണ്ടിവരുമായിരുന്നുവെന്ന് മോദി പറഞ്ഞു.
സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് മോദി വീണ്ടും പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിച്ചത്.
അഭിനന്ദന്‍ പാക് പിടിയിലായതിനുപിന്നാലെ പ്രതിപക്ഷം പലതരം സംശയങ്ങളാണ് പ്രകടിപ്പിച്ചത്. എന്നാല്‍ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയോട് മാത്രമല്ല ലോകത്തോട് തന്നെ പാകിസ്താന്‍ മറുപടി പറയേണ്ട അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാകിസ്താനെതിരേ 12 മിസൈലുകളാണ് മോദി ഒരുക്കി നിര്‍ത്തിയതെന്ന് അമേരിക്കയിലെ ഒരു മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഇതേതുടര്‍ന്നാണ് പാകിസ്താന്‍ പൈലറ്റിനെ വിട്ടുനല്‍കിയത്. രാജ്യസുരക്ഷയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ഗുജറാത്തിലെ 26 സീറ്റുകളും നേടുമെന്നും മോദി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."