കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമം നടന്നു: മുഖ്യമന്ത്രി
കണ്ണൂര്‍: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും മതവിദ്വേഷ പ്രചാരണത്തിനുമുള്ള എല്ലാ ശ്രമവും നടന്നുവെന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സാധാരണ ഈ രീതി ഉണ്ടാകാറില്ല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്ന സമീപനമാണു സംഘ്പരിവാര്‍ രാജ്യവ്യാപകമായി സ്വീകരിച്ചത്. അതിന്റെ പ്രതിഫലനമാണു കേരളത്തിലും ഉണ്ടായത്. സാക്ഷി മാഹാരാജിനെ പോലെയുള്ളവര്‍ ഇത് അവസാനത്തെ തെരഞ്ഞെടുപ്പാണെന്നു പറയുന്നത് ആസൂത്രിതമാണ്.
ഉത്തരേന്ത്യയില്‍ വംശീയഹത്യയും ലഹളയും നടത്താന്‍ നേതൃത്വം നല്‍കിയവരാണു കേരളത്തിലെത്തി റോഡ് ഷോ നടത്തുന്നത്. ഇത് എത്രമാത്രം ആപല്‍ക്കരമാണ്. തെറ്റായ കാര്യങ്ങളെ മാധ്യമങ്ങളടക്കം പ്രതിരോധിച്ചു നിര്‍ത്തിയില്ലെങ്കില്‍ കേരളത്തിലും നമ്മുടെ ശവക്കുഴി തോണ്ടും. താല്‍കാലിക നേട്ടം ഉദ്ദേശിച്ച് മതനിരപേക്ഷ മൂല്യങ്ങള്‍ക്കു പോറലേല്‍പിക്കാന്‍ തയാറായാല്‍ വലിയ ആപത്താണു ഭാവിയില്‍ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാണ്.
സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രചാരണമാണു കേരളത്തില്‍ നടന്നത്. ഇതില്‍ എല്ലാവരെയും അഭിനന്ദിക്കുന്നു. വോട്ടെടുപ്പ് വേളയില്‍ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."