കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കി
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടിയില്‍ വരുത്തിയ പുതിയ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഡിപ്പോകളിലെ ജീവനക്കാര്‍ ഇന്നലെ പണിമുടക്കി.
ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെയും കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്റെയും നേതൃത്വത്തിലയിരുന്നു സമരം. ജീവനക്കാര്‍ രാവിലെ ഓഫിസുകളിലെത്തിയെങ്കിലും ജോലിയില്‍ പ്രവേശിക്കാതെ സമരം നടത്തുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് പഠിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെക്കാനിക്കല്‍ ജീവനക്കാരുടെ ഇരട്ട ഡ്യൂട്ടി ഒഴിവാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.
വൈകിട്ട് നാലിന് ജോലിയില്‍ പ്രവേശിച്ച് പിറ്റേദിവസം രാവിലെ എട്ടിന് ഇറങ്ങുമ്പോള്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ഇരട്ട ഡ്യൂട്ടി ലഭിച്ചിരിന്നു. ഇങ്ങനെ ആഴ്ചയില്‍ മൂന്നു ഡ്യൂട്ടി ചെയ്താല്‍ ആറു ഡ്യൂട്ടി ജീവനക്കാര്‍ക്ക് ലഭിക്കും. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
ഇതോടെ ആഴ്ചയില്‍ ആറുദിവസും ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ട സാഹചര്യമാണുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഇന്നലെ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
തൊഴിലാളികളുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ പ്രകടനം നടത്തി. വൈകിട്ട് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടായതിനാല്‍ സമരം അവസാനിപ്പിച്ചു.അതേസമയം സമരത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണി മുടങ്ങിയതോടെ രാവിലെ ആരംഭിക്കേണ്ട ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പെടെ സര്‍വിസുകള്‍ പലയിടത്തും മുടങ്ങിയ അവസ്ഥയിലായിരുന്നു. കാസര്‍കോട്,കണ്ണൂര്‍,വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട കോഴിക്കോട് സോണില്‍ 40ശതമാനം സര്‍വിസുകളാണ് സമരത്തെ തുടര്‍ന്ന് മുടങ്ങിയത്. കോഴിക്കോട് ബസ് ടെര്‍മിനലില്‍ നിന്നും ഇന്നലെ ഉച്ചക്ക് വയനാട് ഭാഗത്തേക്ക് പോവേണ്ട ഒരു സര്‍വിസ് മാത്രമാണ് മുടങ്ങിയത്. താമരശ്ശേരി ഡിപ്പോയില്‍ മാത്രം 52 സര്‍വീസുകളും,തൊട്ടില്‍പാലം ഡിപ്പോയില്‍ 7 സര്‍വിസുകളും മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."