സ്‌ഫോടനങ്ങള്‍ക്കുപിന്നാലെ സ്‌ഫോടനം; ഹോട്ടലുകളില്‍നിന്ന് ഇറങ്ങിയോടി ജനം
കൊളംബോ: വംശീയ സംഘട്ടനങ്ങളും ആഭ്യന്തരയുദ്ധവും ഒരുകാലത്ത് പതിവായിരുന്നുവെങ്കിലും വര്‍ഗീയ ആക്രമണങ്ങള്‍ അന്യമായിരുന്നു ശ്രീലങ്കയില്‍. രാജ്യത്തെ ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമതവിഭാഗക്കാരാണ്. ഹിന്ദുക്കള്‍ 12ഉം മുസ്‌ലിംകള്‍ 10ഉം ക്രിസ്ത്യാനികള്‍ ഏഴും ശതമാനമാണ്. ക്രൈസ്തവ വിശ്വാസികളില്‍ നല്ലൊരുശതമാനവും താമസിക്കുന്നത് തലസ്ഥാനമായ കൊളംബോയിലാണ്. ഇന്നലെ രാവിലെ ഈസ്റ്റര്‍ ആഘോഷിക്കാനായി ഇവിടത്തെ ക്രൈസ്തവ വിശ്വാസികള്‍ ഉടുത്തൊരുങ്ങിയെത്തിയത് മരണത്തിന്റെ പിടിയിലേക്കായിരുന്നു.
രാവിലെ പ്രാദേശികസമയം 8.45ഓടെ കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ചിലാണ് ആദ്യ സ്‌ഫോടനം ഉണ്ടാവുന്നത്. ഇതിന്റെ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കെയാണ് രണ്ടാമത്തെ സ്‌ഫോടനം. ചോരപ്പാടുകളുമായി നില്‍ക്കുന്ന യേശുവിന്റെ രൂപവും തകര്‍ന്ന മേല്‍ക്കൂരയും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുമൂടിയ മൃതദേഹങ്ങളുടെയും ചിത്രങ്ങളും പുറത്തുവന്നത് കണ്ട് സ്തബ്ദരായിരിക്കുന്നതിനിടെയാണ് വീണ്ടും സ്‌ഫോടനങ്ങളുണ്ടായത്. ഇതോടെ എന്താണ് രാജ്യത്തു സംഭവിക്കുന്നതെന്ന് അറിയാതെ ജനങ്ങള്‍ ഹോട്ടലുകളില്‍ നിന്നും വന്‍കെട്ടിടങ്ങളില്‍ നിന്നും വീടുകളിലേക്കും ഒഴിഞ്ഞ പ്രദേശങ്ങളിലേക്കും ഓടാന്‍ തുടങ്ങി.
കൊളംബോ, ബട്ടിക്കലോവ, നെഗോംബോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളിലാണ് കൂടുതല്‍ ആളപായം ഉണ്ടായത്. കൊളംബോയിലെ റോമന്‍ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രം കൂടിയാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
സ്‌ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്താണ്. ദേഹിവാലയിലെ പ്രശസ്തമായ കൊളംബോ മൃഗശാലയ്ക്കു സമീപത്തായിരുന്നു ഏഴാമത്തെ സ്‌ഫോടനം. ഇതില്‍ രണ്ടുപേര്‍ മരിച്ചു. കൊളംബോയിലെ ഹൗസിങ് കോംപ്ലക്‌സിലാണ് എട്ടാമത്തെ സ്‌ഫോടനം. ഇതില്‍ മൂന്നുപേരും മരിച്ചു. ഇന്ത്യക്കാര്‍ക്കു പുറമെ ജപ്പാന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, അമേരിക്ക, ഹോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
തുടര്‍ച്ചയായ സ്‌ഫോടനങ്ങളുണ്ടായതോടെ സര്‍ക്കാര്‍ യുദ്ധസമാന സാഹചര്യം പ്രഖ്യാപിച്ച് പരിശോധന കര്‍ശനമാക്കി. രാത്രി വൈകിയും പരിശോധനകള്‍ തുടരുകയാണ്. തന്ത്രപ്രധാന കെട്ടിടങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
സംശയമുള്ള കെട്ടിടങ്ങള്‍ പൊലിസ് വളഞ്ഞു. ആക്രമണങ്ങള്‍ സംബന്ധിച്ചു കരുതലോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യാന്തര മാധ്യമങ്ങളുടെ പ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍മീഡിയക്ക് ഒരറിയിപ്പുണ്ടാവുന്നതുവരെ നിരോധനമേര്‍പ്പെടുത്തി. ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടാനും തീരുമാനിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഉച്ചയോടെ തന്നെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാരും സൈനികമേധാവികളും പങ്കെടുത്ത ഉന്നതതലയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
ഒരു ഗ്രൂപ്പാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നും സ്‌ഫോടനങ്ങളില്‍ ഏറെയും ചാവേറാക്രമണങ്ങളാണെന്നും ശ്രീലങ്കന്‍ സൈന്യം അറിയിച്ചു. ആഭ്യന്തര യുദ്ധങ്ങളുടെ ഇരുണ്ട കാലത്തിലേക്ക് വീണ്ടും ശ്രീലങ്കയെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ധനമന്ത്രി മംഗള സമരവീര പറഞ്ഞു. രാജ്യത്ത് മതത്തിന്റെയും വംശത്തിന്റെയും പേരില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധദിനത്തിലെ ആക്രമണം അതിനീചമായ പ്രവര്‍ത്തിയാണെന്ന് പ്രതിപക്ഷനേതാവ് മഹീന്ദ രാജപക്‌സെ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പ്രകോപനപരമായി കൂടുതല്‍ ആക്രമണങ്ങളിലേക്കു തിരിയരുതെന്ന് രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ നേതാക്കള്‍ ആഹ്വാനംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."