നടുറോഡില്‍ ഇലക്ട്രിക് പോസ്റ്റ്; മിഠായിത്തെരുവില്‍ ദുരിതയാത്ര
കോഴിക്കോട്: മിഠായിത്തെരുവില്‍ നടുറോഡില്‍ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. മിഠായിത്തെരുവ് സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണമായും ഒഴിവാക്കി വൈദ്യുതി വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതിനതിനുള്ള നടപടിയുടെ ഭാഗമാണിത്.
റോഡിന്റെ നടുഭാഗത്ത് പുതിയ വൈദ്യുതിക്കാലുകള് സ്ഥാപിച്ച് നിലവിലെ വൈദ്യുതി കണക്ഷന് താല്‍ക്കാലികമായി അതിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. അതിനുള്ള നടപടികള്‍ക്കാണ് ഇന്നലെ തുടക്കമായത്. പിന്നീടാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുക.
ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തങ്ങളില്‍ വെദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനാണ് നടുറോഡില്‍ താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത് കാല്‍നടയാത്രക്കാര്‍ക്ക് പോലും പ്രയാസകരമായിരിക്കുകയാണ്. വലിയ ഗതാഗത സ്തംഭനത്തിനും ഇത് കാരണമായി.
റെയില്‍വേ സ്റ്റേഷന് ജങ്ഷന് മുതല്‍ എസ്.കെ. പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് ആദ്യഘട്ട നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഡ്രെയിനേജ് നിര്‍മാണവും ബി.എസ്.എന്‍.എല്‍, ഫയര്‍, കേബിള്‍ വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.3.64 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
താല്‍ക്കാലിക പ്രയാസങ്ങളുണ്ടായാലും നടപടികള്‍ പൂര്‍ത്തിയായാല്‍ വലിയ നേട്ടമാകുമെന്നും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും കെ.എസ്.ഇ.ബി ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."