ജില്ലയില്‍ നാലുപേര്‍ക്ക് കൂടി ഡിഫ്തീരിയയെന്ന് സംശയം
കോഴിക്കോട്: ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഡിഫ്തീരിയ ബാധിച്ചെന്നു സംശയം. ഒളവണ്ണ, പന്നിക്കോട്, പെരുവയല്‍, പതിയാരക്കര സ്വദേശികളെയാണ് ഇന്നലെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം 30 കടന്നിട്ടുണ്ട്.
തിങ്കളാഴ്ചയും അഞ്ചു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. കോര്‍പറേഷന്‍ പരിധിയില്‍ നാലും പറമ്പില്‍ബസാറില്‍ ഒന്നും വീതമായിരുന്നു ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തത്. ഡിഫ്തീരിയ ബാധിക്കുന്നവരിലധികവും കുട്ടികളാണ്. പ്രതിരോധ നടപടികള്‍ ജില്ലയില്‍ ഊര്‍ജിതമായാണു നടക്കുന്നത്. ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ പ്രതിരോധ മരുന്നു വിതരണവും വിപുലമായ രീതിയില്‍ തന്നെ തുടരുന്നുണ്ട്.
അതേസമയം, ഇന്നലെയും ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പൊക്കുന്ന് സ്വദേശിയായ മധ്യവയസ്‌കന്‍, ഫറോക്ക് സ്വദേശിയായ വയോധികന്‍ എന്നിവര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മുക്കം സ്വദേശിയായ വീട്ടമ്മ ഇന്നലെ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. ഇന്നലെ നാല് എലിപ്പനി ബാധയും റിപ്പോര്‍ട്ട് ചെയ്തു. പറമ്പില്‍ബസാര്‍ സ്വദേശിയായ യുവാവ്, ചോളന്നൂര്‍ സ്വദേശിയായ മധ്യവയസ്‌കന്‍, കക്കോടി സ്വദേശിയായ യുവാവ്, കരുവിശ്ശേരി സ്വദേശിനിയായ വയോധിക എന്നിവര്‍ക്കാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്.
കൊയിലാണ്ടിയില്‍ ഒരു യുവാവിന് മലേറിയയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ഇന്നലെ 1,125 പേര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. ഇതില്‍ 16 പേര്‍ കിടത്തി ചികിത്സ തേടി. വയറിളക്കം ബാധിച്ച് 352 പേരും ആശുപത്രികളിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."