മറിഞ്ഞ വാഹനം റോഡില്‍നിന്നു മാറ്റാനെത്തിയ ക്രെയിന്‍ ബൈക്കിലിടിച്ചു ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
പള്ളിക്കല്‍: ദേശീയപാത കാക്കഞ്ചേരിയില്‍ മറിഞ്ഞ വാഹനം റോഡില്‍ നിന്നും മാറ്റാനെത്തിയ ക്രെയിന്‍ ബൈക്കിലിടിച്ചു ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. വെളിമുക്ക് സ്വദേശി കോലംപൊറ്റ സുമേഷ് (30) നാണ് പരുക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആദ്യഅപകടം നടന്നതിന്റെ പത്ത് മീറ്ററകലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. വെളിമുക്കില്‍ നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും അമിത വേഗതയില്‍ കാറിനെ മറികടന്നെത്തിയ ക്രെയിന്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആദ്യ അപകടത്തില്‍ മറിഞ്ഞ വാഹനം പിന്നീട് മറ്റൊരു ക്രെയിന്‍ എത്തിയാണ് റോഡില്‍ നിന്നും നീക്കിയത്. ഇരുഅപകടങ്ങള്‍ കാരണം ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ അഞ്ചാമത്തെ അപകടമാണ്. ഇടിമുഴിക്കലില്‍ നിയന്തണം വിട്ടെത്തിയ ട്രെയ്‌ലര്‍ മരത്തിലും കാറിലും ഇടിച്ചു. പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പാണമ്പ്രയില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ വളവില്‍ അമിതവേഗതയിലെത്തിയ കാറും ലോറിയും ഇടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."