കുടിവെള്ള വിതരണമില്ല: കുടമുടച്ച് പ്രതിഷേധം
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാറഞ്ചേരി പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്റര്‍ കുടമുടക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രതിഷേധം നടന്നത്.
മാറഞ്ചേരി സെന്ററില്‍ നിന്ന് പ്രകടനമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. പഞ്ചായത്തിനു മുന്നില്‍ പ്രതീകാത്മകമായി കാലിക്കുടം ഉടച്ച ശേഷം സമരക്കാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കി. പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ കാദര്‍ ഏനു, കണ്‍വീനര്‍ ഹിളര്‍, ഡി.സി.സി. അംഗം ടി. മാധവന്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി. നൗഷാദ്, സാബിറ ഹിളര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
എന്നാല്‍ വ്യഴാഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തിലെ പ്രധാന അജണ്ട കുടിവെള്ള വിതരണമാണെന്നും അടുത്ത ദിവസം തന്നെ കുടിവെള്ള വിതരണം ആരംഭിക്കും എന്നും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."